വളരെ ചെറിയ ക്ളാസ് മുതൽ പരസ്പരം ഇടപഴകി വേണം ആൺകുട്ടികളും പെൺകുട്ടികളും
വളർന്നു വരാൻ. സദാചാര ചിട്ടൂര ഉമ്മാക്കിക്കളി ഇനി വേണ്ട

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ഒരു ചുക്കും സംഭവിക്കാനില്ല.അതിനെ എതിർക്കുന്നവരിൽ കൂടുതലും സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്നവരാണ്.ആണും പെണ്ണും ഒരുമിച്ചിരുന്നില്ലെങ്കിലാണ് പല കുഴപ്പങ്ങളും സമൂഹത്തിൽ സംഭവിക്കുക എന്നതാണ് സത്യം.എന്റെ അഭിപ്രായത്തിൽ വളരെ ചെറിയ ക്ലാസ് മുതൽ പരസ്പരം ഇടപഴകി വേണം ആൺകുട്ടികളും പെൺകുട്ടികളും വളർന്നുവരാൻ.നമ്മുടെ സമൂഹത്തിൽ അത് സംഭവിക്കാത്തതുകൊണ്ടാണ് സ്ത്രീ-പുരുഷബന്ധത്തിൽപല പ്രശ്നങ്ങളും ഉണ്ടാകുന്നത്, അത് സാമൂഹ്യ ബന്ധത്തിൽ മുഴുവൻ വ്യാപിക്കുന്നത്.1980 കളിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്സ് ഞാൻ പഠിക്കുമ്പോൾ ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കാൻ അദ്ധ്യാപകൻ ആവശ്യപ്പെടുമായിരുന്നു.അങ്ങനെ ഇരുന്നിട്ട് അന്നത്തെ കുട്ടികൾക്കാർക്കും ഒരു പ്രശ്നവും ഉണ്ടായിട്ടില്ലഎത്രയോ ദശകങ്ങൾക്ക് ശേഷവും ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം എന്നുള്ള വിഷയമാണെന്നത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.എന്നാൽ അന്നും പെൺകുട്ടികളെ കൂച്ചുവിലങ്ങിട്ടു ആൺകുട്ടികളിൽ നിന്ന് അകറ്റുന്നവരുണ്ടായിരുന്നു..മുഖം ഉയർത്തി പുരുഷന്മാരെ നോക്കാതെ വീടിനുള്ളിൽ ഒതുങ്ങുന്ന സ്ത്രീകളെയാണ് ഒരു കാലത്ത് സമൂഹം വാർത്തെടുത്തത്.തൊഴിലിനായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങുകയും വിദ്യാഭ്യാസത്തിൽ മുന്നേറുകയും ചെയ്തപ്പോൾ സ്ത്രീകളുടെ ജീവിതം മാറി.കാൽമുനയാൽ നഖചിത്രമെഴുതി വാതിലിൽ സിന്ദൂരപ്പൊട്ടിന്റെ പാതിമറഞ്ഞ് നിന്ന പെൺകുട്ടിയുടെ കാലം എന്നേ കഴിഞ്ഞില്ലേ?ഒരു വശത്തുകൂടി സാങ്കേതികമായും സാമൂഹ്യമായും നമ്മൾ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ മറുവശത്തുകൂടി ഏറ്റവും അടിയിലേക്ക് സ്ത്രീകളെ പിടിച്ചു വലിക്കുന്ന പ്രക്രിയ ഇവിടെ തുടർന്നുകൊണ്ടേയിരിക്കുന്നു
ഒരു കൂട്ടം മനുഷ്യർ പ്രാവർത്തികമാക്കുന്ന ഈ സദാചാര സംഹിത അവഗണിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല.ബാക്കിയെല്ലാ മുന്നേറ്റങ്ങളും സൗകര്യമനുസരിച്ച് അംഗീകരിക്കുമ്പോൾ,സ്ത്രീകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ സാധ്യമാകുന്ന ഒരു കാലം, ഇടം എന്നുള്ളത് സഹിക്കാൻ പറ്റാത്ത കാര്യമാണ് ഈ സദാചാര വാദികൾക്ക്!ഒരു പ്രത്യേകതരം സാംസ്കാരിക ബോധത്തിന്റെ ഉടമകളാണവർ.. തരം കിട്ടിയാൽ സ്ത്രീകളെ പലവിധത്തിൽ അപമാനിക്കുന്നത് ഈ കൂട്ടരാണ്.
ഇത്തരക്കാർക്ക്,ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുമ്പോൾ പ്രശ്നമുണ്ട്.
അതിലുപരി ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ പെൺകുട്ടികൾ കളങ്കപ്പെടും എന്നുള്ളതാണ് അവരുടെ പ്രധാന വേവലാതി ആ അപകട സാധ്യത മുന്നിൽ കണ്ട് അവരുടെ ചങ്ങാത്തതിന് സാധ്യമായ എല്ലാ അവസരങ്ങളും അവർ തച്ചുടയ്ക്കുന്നു ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുമ്പോൾ അതിൽ എല്ലാ മതത്തിലുള്ളവരും, വിഭാഗത്തിലുള്ളവരും, ജാതിയിലുള്ളവരും ഉണ്ടാവാംഅവർ തമ്മിൽ പലവിധത്തിലുള്ള ബന്ധങ്ങൾ ഭാവിയിൽ രൂപപ്പെട്ടുവരാം.
പലതരം ജീവിതാവസ്ഥകളിൽ ജീവിക്കുന്നവർക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവസരമാണ് എല്ലാ സൗഹൃദങ്ങളും.കൂട്ടുകൂടലും ചങ്ങാത്തവും എല്ലാം ഒരു പ്രൈവറ്റ് ഗ്രൂപ്പ് വഴി അതായത് തങ്ങളുടെ ആൾക്കാർ തമ്മിൽ മാത്രം മതി എന്ന് വിചാരിച്ചു തുടങ്ങുന്നിടത്താണ് അപകടം .പലപ്പോഴും ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു സെൽഫി , സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ പോലും പെൺകുട്ടികൾ സദാചാര ഗുണ്ടായിസം നേരിടേണ്ടിവരുന്നു.
പ്രശ്നക്കാർ ഒന്നുകിൽ അടുത്ത ബന്ധുക്കളോ അടുത്ത് അറിയാവുന്ന ആൾക്കാരോ ആയിരിക്കാം എന്നതാണ് മറ്റൊരു പ്രശ്നം.ചിലപ്പോൾ അത് അപ്പോൾ രൂപീകൃതമാകുന്ന ഒരു അജ്ഞാത സംഘവും ആവാം.

നല്ല ഭയമുണ്ട്.. ഞാൻ ജീവിച്ചു വളർന്ന ഒരു കാലത്തിൽ നിന്നും, അതിലും എത്രയോ പഴയ ഒരു കാലത്തിലേക്ക് നമ്മുടെ നാട് പോകുന്നത് കാണുമ്പോൾ.ലിംഗവ്യത്യാസമില്ലാതെ മനുഷ്യരെ മുന്നോട്ടുകൊണ്ടുപോകുന്ന എന്തെല്ലാം കാര്യങ്ങൾ മനുഷ്യർക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാൻ ഉണ്ട്.വീണ്ടും നമ്മൾക്കു ചർച്ച ചെയ്യേണ്ടി വരുന്നത് സ്ത്രീയുടെ വേഷത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചുമാണ്ആരെല്ലാം എന്തെല്ലാം തലകുത്തി മറിഞ്ഞാലും, ഏത് സദാചാരവാദി എത്ര പ്രാകോപിത ആക്രാന്തം കാണിച്ചാലും, പുതിയ തലമുറ എല്ലാം തച്ചുടച്ച് മുന്നോട്ടുപോകുക തന്നെ ചെയ്യും.മനുഷ്യർക്ക് അടിസ്ഥാനപരമായി വേണ്ടത് സ്വാതന്ത്ര്യമാണ്.
ചോയിസിനുള്ള,തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം..!ആണിനും പെണ്ണിനും അടുത്തിരിക്കണം എന്നുള്ളതല്ല ശരിയായ ആവശ്യം.
ഇരിക്കണമെന്നു തോന്നിയാൽ അവർക്ക് ഇരിക്കണം എന്നുള്ളതാണ് ആവശ്യം,പുതിയ തലമുറയ്ക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും അത് അങ്ങനെ തന്നെയാണ്.
ഒരു വ്യക്തി ആയാലും, ഒരു കൂട്ടം ആളുകൾ ആയാലും,അവരുടെ ആശയങ്ങൾ മറ്റൊരാളിൽ ബലംപ്രയോഗിച്ചു നടപ്പിൽ വരുത്തിയാൽ അത് തിരിച്ചടിക്കപ്പെടുക തന്നെ ചെയ്യും.സ്ത്രീകൾ മുന്നോട്ടു പോകുമ്പോൾ മാത്രമേ സമൂഹവും മുന്നോട്ടു പോകുകയുള്ളൂ എന്നതാണ് സത്യം.ആരും ഭയക്കണ്ട ഇനിയും ഇവിടെ ആണും പെണ്ണും ഒരുമിച്ചിരിക്കുംഉമ്മാക്കി കാണിച്ചു പെൺകുട്ടികളെ ഭയപ്പെടുത്തിയിരുന്ന കാലം 'എമ്പണ്ടേ"കഴിഞ്ഞു!എമ്പണ്ടേകണ്ട പൊട്ടസദാചാര തിട്ടൂര ഉമ്മാക്കിക്കളി!
(തനുജ ഭട്ടതിരിയുടെ
ഫോൺ: 9447750402)