
ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡേറ്റ ഉപയോഗിച്ച് ആഗോള നിക്ഷേപ സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്സാണ് ഈ പട്ടിക പുറത്തിറക്കിയത്. പട്ടികയിൽ ജപ്പാന്റെ പാസ്‌പോർട്ടാണ് ലോകത്തിന്റെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി നേടിയത്. ഇത് ആദ്യമല്ല ജപ്പാൻ പാസ്‌പോർട്ട് ഈ സ്ഥാനം അലങ്കരിക്കുന്നത്.

എന്ത് കൊണ്ട് ജപ്പാൻ
ജപ്പാൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നയാൾക്ക് ലോകത്തിലെ 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാദ്ധ്യമാണ്. ഇതാണ് ജപ്പാനെ നമ്പർ വൺ ആക്കുന്നത്. ലോകത്തിലെ 227 യാത്രാ കേന്ദ്രങ്ങളിലേക്ക് അധിക വിസ ഉള്ളതോ അല്ലാതെയോ പ്രവേശനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ടുകളുടെ ശക്തി അളന്നുള്ള പട്ടിക ഹെൻലി തയ്യാറാക്കിയത്. വിസ ആവശ്യമില്ലാത്ത ഒരോ ലക്ഷ്യസ്ഥാനത്തിനും പോയിന്റുകൾ നൽകി. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയത് ജപ്പാനായിരുന്നു. കൊവിഡ് ഭീഷണി അകന്നതോടെ രാജ്യാന്തര യാത്രാ നിരോധനം നീക്കിയതാണ് വീണ്ടും ഈ പഠനം നടത്താൻ അനുകൂല സാഹചര്യം ഒരുക്കിയത്. ഈ പഠനത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് 87ാം സ്ഥാനത്താണ്.