paappan

മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പാപ്പൻ. പൊലീസ് വേഷങ്ങളെ തന്റെ മാനറിസങ്ങളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും ചൂടൻ ഡയലോഗുകളിലൂടെയും പുത്തൻ ഭാവത്തിൽ അവതരിപ്പിച്ച് കൈയടി നേടാറുള്ള സുരേഷ് ഗോപി ഒരുപാട് നാളുകൾക്ക് ശേഷം കാക്കിയണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് ഇത്തവണ എത്തിയിരിക്കുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായാണ്. പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പനി'ൽ മകൻ ഗോകുൽ സുരേഷ് ആദ്യമായി സുരേഷ് ഗോപിക്കൊപ്പം എത്തുന്നുവെന്നതും റിലീസിന് മുന്നെ ചിത്രത്തിന്മേലുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചിരുന്നു.

paappan

പൊലീസിനെ കുഴപ്പിക്കുന്ന കൊലപാതകങ്ങളും തുടർന്നുണ്ടാകുന്ന കേസന്വേഷണത്തിലുമൂന്നിയാണ് 'പാപ്പന്റെ' കഥ പുരോഗമിക്കുന്നത്. എ.എസ്.പി വിൻസി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ സഹായിക്കാനായി മുൻ പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണ ഉദ്യോഗസ്ഥയുടെ അച്ഛനുമായ എബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനും കൂടി എത്തുന്നതോടെ ചിത്രം ത്രില്ലടിപ്പിക്കുന്നു.

ചിത്രത്തിൽ വിൻസിയായി നിത പിള്ളയും പാപ്പനായി സുരേഷ് ഗോപിയും വേഷമിട്ടിരിക്കുന്നു. പാപ്പന്റെ മുൻ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന കേസിന്റെ അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.

paappan

പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ആദ്യപകുതിയിൽ കേസന്വേഷണത്തിനൊപ്പം ഫ്ലാഷ്‌ബാക്കും രസച്ചോർച്ചയില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കഥ പറച്ചിലിനാവശ്യമായ മെല്ലെപ്പോക്ക് ഇടയ്‌ക്കുണ്ടെങ്കിലും ത്രില്ലർ സ്വഭാവത്തിലേയ്ക്ക് വളരെപ്പെട്ടെന്ന് തന്നെ ചിത്രം എത്തുന്നുണ്ട്.

രണ്ടാം പകുതിയിൽ കൊലയാളിക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ പായുമ്പോൾ അവർക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നുണ്ട്. ഇൻവസ്റ്റിഗേഷൻ ത്രില്ലറിലുപരി കുടുംബ ബന്ധങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്നുണ്ട് ചിത്രം. ക്ലെെമാക്‌സിനോട് പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കാനും ചിത്രത്തിനാകുന്നുണ്ട്.

paappan

പൊലീസ് വേഷത്തിലെത്തുമ്പോഴൊക്കെ ഞെട്ടിക്കാറുള്ള സുരേഷ് ഗോപി ഇത്തവണയും പതിവ് ആവർത്തിക്കുന്നുണ്ട്. പഞ്ച് ഡയലോഗുകൾ പറഞ്ഞും എതിരെ നിൽക്കുന്നയാളെ ശാരീരികമായി കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന പൊലീസുകാരനല്ല എബ്രഹാം മാത്തൻ. ഒരു കെെയ്ക്ക് സ്വാധീനമില്ലാത്ത, വിശ്രമജീവിതം നയിക്കുകയാണെങ്കിലും ബുദ്ധിസാമർത്ഥ്യം കൊണ്ട് ഏതൊരു എതിരാളിയെയും ഇപ്പോഴും മാനസികമായി കീഴ്‌പ്പെടുത്താൻ കഴിയുന്ന സമർത്ഥനായ മുൻ ഉദ്യോഗസ്ഥനാണ് അയാൾ. മാനറിസങ്ങൾ കൊണ്ടും ശരീര ഭാഷകൊണ്ടും പാപ്പനെ സുരേഷ് ഗോപി ഗംഭീരമാക്കിയിട്ടുണ്ട്.

ത്രില്ലർ ചിത്രമായിട്ടും ഒരു നോട്ടം കൊണ്ടുപോലും മാസ് പരിവേഷം കഥാപാത്രത്തിന് നൽകാൻ സുരേഷ് ഗോപിയ്ക്ക് സാധിച്ചു. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നിത പിള്ളയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും പ്രേക്ഷകർക്ക് വിരുന്നായി. ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഗോകുൽ സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്.

paappan

നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങിയവരും​ ചിത്രത്തിലുണ്ട്. ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുവെങ്കിലും എല്ലാവർക്കും കൃത്യമായി പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിൽ നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളിയുടെ ഛാ​യാ​ഗ്ര​ഹ​ണവും ​ജേ​ക്‌സ് ​ബി​ജോ​യ്‌യുടെ സംഗീതവും ​ശ്യാം​ ​ശ​ശി​ധ​ര​ന്റെ എഡിറ്റിംഗും മികവ് പുലർത്തി. കഥയ്‌ക്കനുയോജ്യമായ രീതിയിലൊരുക്കിയിരിക്കുന്ന മികച്ച ഗാനങ്ങൾ ചിത്രത്തിലുണ്ട്.

paappan

കഥാഗതിയും കഥാപാത്രങ്ങളും ഇടയ്‌ക്കൊക്കെ പ്രേക്ഷകനെ കുഴപ്പിക്കുന്നതായി തോന്നുമെങ്കിലും ത്രില്ലർ സ്വഭാവം നിലനിർത്തുന്നതിൽ ഇത് സഹായിച്ചിട്ടുണ്ട്. ആർ.ജെ ഷാനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പുതുമയുള്ള കഥയല്ലെങ്കിലും കെട്ടുറപ്പോടെ ഒരുക്കിയ തിരക്കഥ ചിത്രത്തിന് ഗുണം ചെയ്‌തു. ശ്രീഗോകുലം മുവീസിന്റെയും ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ഗോകുലം ഗോപാലനും ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഒരു പൊലീസുകാരൻ തന്റെ കുടുംബത്തിനാണോ ഡ്യൂട്ടിക്കാണോ പ്രാധാന്യം നൽകേണ്ടതെന്ന ചോദ്യം കൂടി ചിത്രം ചോദിക്കുന്നുണ്ട്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തുന്ന ചിത്രം മികച്ച കാഴ്‌ചാനുഭവമാണ് സമ്മാനിക്കുന്നത്. ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്കും കുടുംബപ്രേക്ഷകർക്കും ഒരു പോലെ 'പാപ്പൻ' ആസ്വദിക്കാനാകും.

paappan