
അമേരിക്കയുമായി സ്വതന്ത്രവ്യാപാര കരാർ ഒപ്പിടുമ്പോൾ ഏറ്റവും വലിയ ഭീഷണി അമേരിക്കയുടെ ഉയർന്ന സബ്സിഡിയാണ്. പത്ത് വർഷത്തേക്കെന്ന് പറഞ്ഞ് 2014ൽ അംഗീകാരം നൽകിയ ഫാം ബിൽ പ്രകാരം 956 ബില്ല്യൻ കാർഷിക സബ്സിഡി അനുവദിച്ചു.
എന്നാൽ 2019 ഫാം ബില്ലിൽ മറ്റൊരു 867 ബില്ല്യൺ സബ്സിഡി അനുവദിച്ചു. ഉയർന്ന സബ്സിഡിയുള്ള കാർഷിക ഉത്‌പന്നം കരാറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയാൽ കാർഷികമേഖല പൂർണമായും തകരും.
പാൽ വിപണി
തകർച്ചയിലേക്ക്
രാജ്യത്തെ കർഷകരുടെ നിത്യവരുമാനത്തിന്റെ 70 ശതമാനം പാലിൽനിന്നാണ്. പാലുത്‌പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അമേരിക്ക 2018ൽ 20,02,108 ടൺ പാൽ ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്തു. ചൈനയുമായുള്ള വ്യാപാരയുദ്ധം കാരണം ആറ് ലക്ഷം ടൺ പാൽക്കട്ടി കെട്ടിക്കിടക്കുന്നു. ഇതിന് ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളിൽ വിപണി തേടുന്നു. പാൽകട്ടി ഉണ്ടാക്കുന്ന പ്രക്രിയയിലെ ഉപോത്പന്നമാണ് മട്ടപൊടി. പ്രോട്ടീൻ നീക്കംചെയ്ത മട്ടപ്പൊടി പാൽപൊടിയെന്ന പേരിൽ ഇറക്കുമതി ചെയ്‌ത് 300 രൂപ വിലയുള്ള നല്ല പാൽപ്പൊടിയുടെ വിപണി തകർത്തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതിതീരുവ കുറയ്ക്കാൻ പോകുന്നത്. അമേരിക്ക പശുക്കൾക്ക് മാംസാഹാരം നൽകുന്നതിനാലും പാൽക്കട്ടി ഉണ്ടാക്കാൻ പശുക്കുട്ടിയെ കൊന്ന് കുടലിൽനിന്നും ദഹനരസമെടുത്ത് ചേർത്ത് പുളിപ്പിക്കുന്നതിനാലുമാണ് ഇന്ത്യയിലേക്ക് അമേരിക്കൻ പാലുത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചിട്ടുള്ളത്. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി കരാറൊപ്പിട്ട് മാംസാഹാരി പശുവിന്റെ പാൽ ഇറക്കുമതി അനുവദിക്കുന്നതിലൂടെ ഈ നാട്ടിലെ പാൽ വിപണി നിശ്ചലമാകും.
എണ്ണ വിപണി
സോയാബീൻ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ , ചൈനയുമായുള്ള വ്യാപാരയുദ്ധം കയറ്റുമതിയെ ബാധിച്ചതിനാൽ 2019ൽ സോയാബീൻ ശേഖരം 46.3 ദശലക്ഷം ടണ്ണിലെത്തി. 2022 ജനുവരിയിലാരംഭിച്ച ഭക്ഷ്യഎണ്ണയുടെ ലോകം മുഴുവനുമുള്ള വിലവർദ്ധന സയമയത്ത് ഇതിന്റെ 50 ശതമാനം വിറ്റഴിച്ചു. ഇറക്കുമതി തീരുവ കുറച്ചാൽ അമേരിക്കയിൽനിന്നും പാമോയിലും കുറഞ്ഞ വിലയ്ക്ക് സോയാബീൻ ഓയിലും ഇന്ത്യയിലേക്കെത്തും.
ധാന്യങ്ങൾ, പഴങ്ങൾ
ചോളത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. ഇന്ത്യ ചോളത്തിന്റെ ഇറക്കുമതിരാജ്യമായി മാറി. 2020 ജൂൺ 13ന് ഇറക്കുമതി തീരുവ കുറച്ചത് അമേരിക്കയുടെ സമ്മർദ്ദത്താലാണെന്ന് പറയപ്പെടുന്നു. ഗോതമ്പ് കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക 2018ൽ ലോക ഗോതമ്പ് കയറ്റു
മതിയുടെ 13.5 ശതമാനം 25.47 ദശലക്ഷം ടൺ കയറ്റുമതിചെയ്തു. ഇറക്കുമതി തീരുവ കുറച്ചാലുള്ള അപകടം 2016 ഡിസംബറിലെ ഇറക്കുമതിതീരുവ ഇല്ലാതാക്കലിലൂടെ തെളിഞ്ഞു. 2016-17ൽ 5.9 ദശലക്ഷം ടൺ ഇറക്കുമതി രേഖപ്പെടുത്തി. ഇറക്കുമതിതീരുവ കുറച്ചാൽ ഗോതമ്പിന്റെ കുത്തൊഴുക്കായിരിക്കുമെന്ന് ഇത് തെളിയിക്കുന്നു.
2018 വിളവെടുപ്പുകാലത്തെ അപേക്ഷിച്ച് 2019 വിളവെടുപ്പ് കാലത്ത് അമേരിക്കയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി 7.8 ദശലക്ഷത്തിൽനിന്നും 2.6 ദശലക്ഷത്തിലേയ്ക്ക് താഴ്ന്നു. ഇറക്കുമതി തീരുവ കരാർപ്രകാരം കുറച്ചാൽ ഇന്ത്യയിലെ ആപ്പിൾ കൃഷിയുടെ കഥ കഴിയും. ഇന്ത്യ വാൾനട്ടിന്റെ ഏറ്റവും വലിയ ഉത്പാദക രാജ്യമായിരുന്നിട്ടും ഇറക്കുമതി തീരുവ കുറഞ്ഞതുകൊണ്ട് അമേരിക്കയിൽനിന്നും വാൾനട്ട് ഇറക്കുമതി ചെയ്യുന്നു.
ഇറച്ചി വിപണി
ലോക വ്യാപാരസംഘടനയിലെ തർക്കത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ 2018ൽ അമേരിക്കയിൽനിന്നും കോഴിയിറച്ചി ഇറക്കുമതി അനുവദിച്ചു. ഇറക്കുമതിയിൽ കൂടുതലും കോഴിയുടെ തുടയിറച്ചി മാത്രമായിരുന്നു. അമേരിക്കയിൽ കോഴിയുടെ തുടയിറച്ചി കഴിക്കുന്നവർ വിരളമാണ്. തുടയിറച്ചി മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്നു. ഇന്ത്യയിൽ തുടയിറച്ചിയ്ക്കാണ് പ്രിയം. അതിനാൽ ഇന്ത്യയുടെ വലിയ വിപണി കിട്ടാൻ ഇറക്കുമതി തീരുവ 100ൽനിന്നും 10 ശതമാനമാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു. ഇത് നമ്മുടെ കോഴികൃഷിയെ തകർക്കും. 2021ൽ അമേരിക്കയിൽനിന്നും പന്നിയിറച്ചി ഇറക്കുമതി അനുവദിച്ചു. ഇനിയും ഇറക്കുമതി തീരുവ കുറച്ചാൽ ഈ മേഖലയും തകരും.
സിന്തറ്റിക് റബർ
സിന്തറ്റിക് റബ്ബറിന്റെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളൊന്നാണ് അമേരിക്ക. സിന്തറ്റിക് റബ്ബർ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറക്കുമതി പ്രകൃതിദത്ത റബറിന്റെ വിലയെ സാരമായി ബാധിച്ചു. ഇന്ത്യ സിന്തറ്റിക് റബ്ബറിന്റെ ഇറക്കുമതി തീരുവ കുറച്ചാൽ റബ്ബർ കർഷകരെ സാരമായി ബാധിക്കും. ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതി തീരുവ 100 ശതമാനമാക്കിയെങ്കിലും ഇറക്കുമതി ഇന്നും തുടരുന്നു. ഇറക്കുമതി തീരുവ കുറച്ചാൽ ഇന്ത്യയിലെ കരിമ്പ് കൃഷി നശിക്കാൻ അധികംകാലംവേണ്ടാ.
കാർഷികരംഗത്തെ തകർക്കുന്ന കരാറിനെതിരെ കർഷകരും രാജ്യസ്‌നേഹികളും രംഗത്തിറങ്ങണം.
രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്ററാണ് ലേഖകൻ ഫോൺ: 9871368252