
കമൽഹാസൻ നായകനാവുന്ന ഇന്ത്യൻ 2ന്റെ ചിത്രീകരണം സെപ്തംബറിൽ അമേരിക്കയിൽ പുനരാരംഭിക്കും. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുന്നൊരുക്കങ്ങൾക്കായി കമൽഹാസൻ ഇപ്പോൾ അമേരിക്കയിലാണ്. ആഗസ്റ്റ് മദ്ധ്യത്തിൽ മടങ്ങിയെത്തും. 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സൂപ്പർഹിറ്റ് ഷങ്കർ ചിത്രത്തിന്റെ തുടർച്ചയായാണ് സിനിമ.2019ൽ ആണ് ഇന്ത്യൻ 2ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിനിൽ നിന്നു വീണ് മൂന്നു സംവിധാനസഹായികൾ മരണപ്പെട്ടിരുന്നു. തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. കൊവിഡിന്റെ വരവും ചിത്രീകരണത്തെ തടസപ്പെടുത്തി. 2020ൽ ഇന്ത്യൻ 2ന്റെ ചിത്രീകരണം താത്‌കാലികമായി നിറുത്തിവച്ചു. കാജൽ അഗർവാൾ, രാകുൽ പ്രീത്‌സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അനിരുദ്ധ ആണ് സംഗീത സംവിധാനം. ഉദയനിധി സ്‌റ്റാലിൻ ആണ് നിർമ്മാണം.