
പോളണ്ടിലേക്ക് നടത്തിയ യാത്രയ്ക്കിടെ പകർത്തിയ വിനീത് ശ്രീനിവാസന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്" എന്നു എഴുതിയ കറുപ്പ് ടീഷർട്ട് അണിഞ്ഞ വിനീതിനെ ചിത്രത്തിൽ കാണാം. വിനീതിന്റെ ഭാര്യ ദിവ്യ പകർത്തിയതാണ് ചിത്രം. ശ്രീനിവാസൻ അഭിനയിച്ച സിനിമകളിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് സന്ദേശം. ഇതിലെ പ്രശസ്തമായ ഡയലോഗാണ് 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്". സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി സമ്മാനമായി നൽകിയതാണ് ടീഷർട്ട്. 'സ്‌മരണ വേണം സ്‌മരണ" എന്ന രസകരമായ മറുപടി മാത്തുക്കുട്ടി പോസ്റ്റിനു താഴെ നൽകിയിട്ടുണ്ട്. അതേസമയം ഹൃദയം ആണ് അവസാനം തിയേറ്ററുകളിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു.