
ലാഹോർ : പാകിസ്ഥാനിൽ ലക്ഷണമൊത്ത ഒരു പോത്തിനെ വാങ്ങണമെങ്കിൽ സിംഹത്തിനേക്കാളും വില കൊടുക്കണം. അതെത്രയാവും എന്ന് ചോദിച്ചാൽ ഉത്തരം റെഡിയാണ്. ലാഹോർ സഫാരി മൃഗശാലയിലെ സിംഹങ്ങളെയാണ് ഇത്തരത്തിൽ ആദായ വിലയിൽ വിൽക്കാൻ വച്ചിരിക്കുന്നത്. അമ്പതിനായിരം രൂപ മാത്രമാണ് മൃഗരാജന് മൃഗശാല അധികൃതർ വിലയിട്ടിരിക്കുന്നത്. പാക് കറൻസിയിൽ ഒന്നരലക്ഷം നൽകണം. അതേസമയം നല്ലൊരു പോത്തിനെ വേണമെങ്കിൽ പാകിസ്ഥാനിൽ 1.17 ലക്ഷം രൂപയെങ്കിലും നൽകണം( പാക് കറൻസിയിൽ 350,000)
ലാഹോർ സഫാരി മൃഗശാല തങ്ങളുടെ 12 സിംഹങ്ങളെയാണ് വിൽക്കാൻ തീരുമാനിച്ചത്. അടുത്ത മാസം ആദ്യമാണ് ഇവയെ വിൽക്കുന്നത്. മൃഗശാലയിലുള്ള മറ്റ് മൃഗങ്ങളെ പരിപാലിക്കുന്നതിന് വേണ്ടിയുള്ള തുക കണ്ടെത്താനാണ് സിംഹങ്ങളെ വിൽക്കുന്നത്. ഇതിന് പുറമേ സിംഹങ്ങളെ പരിപാലിക്കാൻ വലിയ തുകയും ചെലവാക്കേണ്ടി വരുന്നുണ്ട്. പ്രതിദിനം എട്ട് മുതൽ ഒമ്പത് കിലോഗ്രാം വരെ മാംസം ഒരു സിംഹം കഴിക്കും. കഴിഞ്ഞ വർഷവും സ്ഥലപരിമിതിയുടെ പേരിൽ സഫാരി മൃഗശാല 14 സിംഹങ്ങളെ പാക് പൗരന്മാർക്ക് വിറ്റിരുന്നു.