പ്രേക്ഷകരെ ആവേശഭരിതരാക്കി വീണ്ടും ജോഷിയും സുരേഷ് ഗോപിയും

പൊലീസ് വേഷത്തിൽ സുരേഷ് ഗോപിയെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. മലയാളികളെ തൊണ്ണൂറുകളിൽ ആവേശം കൊള്ളിച്ച ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിലെ ആ പഴയ ഫയർ ബ്രാൻഡ് വെള്ളിത്തിരയിൽ പാപ്പൻ നിറച്ചിട്ടുണ്ട്.
എബ്രഹാം മാത്യു മാത്തൻ എന്ന പഴയ പൊലീസുകാരനായി സുരേഷ് ഗോപി രണ്ടുമണിക്കൂർ അൻപതു മിനിട്ട് തിയേറ്ററിൽ പിടിച്ചിരുത്തുന്നുണ്ട്.
തന്റെ ശരികളിൽ തെറ്റുകളുണ്ടെന്നും തന്റെ തെറ്റുകളിൽ ശരികളുണ്ടെന്നും ഉള്ള ഒരു പൊലീസുകാരന്റെ തിരിച്ചറിവാണ് ചിത്രത്തിന്റെ പ്രമേയം. സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.
ഇടതുകൈയ്ക്ക് ചലനശേഷിയില്ലാത്ത എബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനായി സുരേഷ് ഗോപിയും മൈക്കിൾ എന്ന വലംകൈയായി ഗോകുൽ സുരേഷും നിറഞ്ഞുനിൽക്കുന്നു.
ചിത്രത്തിൽ അതിശക്തമായ കഥാപാത്രമാണ് പാപ്പന്റെ മകളായ വിൻസി. വിൻസി എബ്രഹാം എന്ന ഐ.പി.എസുകാരിയായ നീത പിള്ള കൈയടക്കമുള്ള പ്രകടനം നടത്തി.
മലയാളത്തിൽ എക്കാലത്തെയും മികച്ച മൂവിമേക്കർ എന്ന നിലയിൽ ജോഷി വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ്.
പൊറിഞ്ചു മറിയം ജോസിൽ മികച്ച ദൃശ്യഭംഗി ഒരുക്കിയ അജയ് ഡേവിഡ് കാച്ചപ്പള്ളി ഒരു പടി കൂടി മുന്നിൽ നിൽക്കുന്നു. ഒരു നീറ്റ് ത്രില്ലർ എന്നു പാപ്പനെ ഉറപ്പായും വിളിക്കാം.ആർ. ജെ. ഷാൻ നാളെയുടെ വാഗ് ദാനമായിരിക്കുമെന്ന് പാപ്പന്റെ ശക്തമായ തിരക്കഥ അറിയിക്കുന്നു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. ധൈര്യമായി പാപ്പന് ടിക്കറ്റെടുക്കാം.