hanan

പഠനത്തിന് പണം കണ്ടെത്താൻ കോളേജ് യൂണിഫോമിൽ മീൻ വില്പന നടത്തിയത് വഴി മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഹനാൻ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2018ൽ കൊടുങ്ങല്ലൂരിൽ നടന്ന വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ ഹനാൻ ഏറെ നാളായി ചികിത്സയിലായിരുന്നു. ഹനാന്റെ വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

അപകടത്തിന് ശേഷം എഴുന്നേറ്റ് നടക്കാനുള്ള സാദ്ധ്യത പത്ത് ശതമാനം മാത്രമാണുള്ളതെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചതെന്ന് ഹനാൻ പറഞ്ഞു. 'ആദ്യം സ്വയം കുറേ കഷ്ടപ്പെട്ടിട്ടാണെങ്കിലും വീൽചെയറിലേയ്ക്ക് മാറി. പതിയെ നടക്കാനും തുടങ്ങി. ശസ്ത്രക്രിയയ്ക്ക് ശേഷം നട്ടെല്ല് വളഞ്ഞുപോയിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിന് ശേഷം വലിയ മാറ്റമാണുണ്ടായത്. ജിമ്മിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ നാട്ടുകാരൊക്കെ കളിയാക്കിയിരുന്നു. നിന്നെകൊണ്ടൊന്നും പറ്റില്ലെന്ന് കുറേപേർ പറഞ്ഞു.

ജിമ്മിലെ വർക്ക് ഔട്ടൊക്കെ 20 ശതമാനം മാത്രമേ എനിക്ക് ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് മാസ്റ്റർക്ക് തോന്നിയിട്ടുണ്ടാകാം. എന്നാൽ എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. വളഞ്ഞാണ് നടക്കുന്നത്. ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ചെഴുന്നേൽപ്പിക്കണം എന്നൊക്കെ മാസ്റ്ററോട് ആദ്യമേ പറഞ്ഞു. ഇതൊക്കെ ശരിയാക്കാം. എനിക്ക് കുറച്ച് സമയം നൽകണം എന്നാണ് മാസ്റ്റർ പറഞ്ഞത്. ഇപ്പോൾ എല്ലാവരിൽ നിന്നും പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടര മാസമാണ് ട്രാൻസ്‌ഫർമേഷനായി വേണ്ടി വന്നത്'- ഹനാൻ പറയുന്നു.