
കോഴിക്കോട്: ആറുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഏലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ഭാഗ്യ (19)യാണ് മരിച്ചത്. ഭാഗ്യ ഗർഭിണിയായിരുന്നു.
ആറ് മാസം മുൻപായിരുന്നു അനന്തുവും ഭാഗ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോക്‌സോ കേസിൽ അനന്തു അറസ്റ്റിലായിരുന്നു. തുടർന്ന് ഭാഗ്യ പ്രായപൂർത്തിയായ ദിവസം ഇരുവരെയും വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീർപ്പിലാക്കുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. അനന്തുവിന്റെ അമ്മ ഭാഗ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. കേസിൽ അന്വേഷണം ആരംഭിച്ചു.