
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിന്റെ പുത്തൻ പതിപ്പിന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ കേളികൊട്ടുയർന്നു. ആദ്യദിനം ഇന്ത്യ പ്രതീക്ഷ വച്ച ഇനങ്ങളിലൊന്നും നിരാശപ്പെടുത്തിയില്ല. പുരുഷൻമാരുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജിന്റെ സെമി പ്രവേശനവും പുരുഷ ൻമാരുടെ ബോക്സിംഗിൽ ശിവഥാപ്പ പ്രീക്വാർട്ടറിൽ എത്തിയതും ഇന്ത്യൻ ക്യാമ്പിൽ വലിയ ആഹ്ലാദമുയർത്തി.
അനായാസം ഥാപ്പ
പുരുഷ ബോക്സിംഗിൽ ലൈറ്ര് വെൽട്ടർ 63.5 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം ശിവ ഥാപ്പ ഒന്നാം റൗണ്ടിൽ അനായാസ ജയം നേടി പ്രീക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായ പോരാട്ടത്തിൽ പാകിസസ്ഥാനി താരം സുലേമാൻ ബലോച്ചിനെ 5-0ത്തിന് തരിപ്പണമാക്കിയാണ് ഥാപ്പയുടെ മുന്നേറ്റം. ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണമുൾപ്പെടെ 5 മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ഥാപ്പയുടെ സാങ്കേതികത്തികവിനും പരിചയ സമ്പത്തിനും മുന്നിൽ പാക് താരത്തിന് പിടിച്ചു നിൽക്കാനായില്ല. 28കാരനായ ഥാപ്പ 2015ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
സെമിയിലെത്തി ശ്രീഹരി ,
സജൻ പുറത്ത്
കോമൺവെൽത്ത് ഗെയിംസ് നീന്തൽക്കുളത്തിൽ പുരുഷൻമാരുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിയിൽ എത്തി. അതേസമയം മലയാളി താരം സജൻ പ്രകാശ് 50 മീറ്രർ ബട്ടർഫ്ലൈസിൽ ഹീറ്റ്സിൽ തന്നെ പുറത്തായി. എട്ടുപേർ പങ്കെടുത്ത ഹീറ്റ്സ് ആറിൽ അവസാനമാണ് സജൻ ഫിനിഷ് ചെയ്തത്. 25.01സെക്കൻഡിലാണ് സജൻ മത്സരം പൂർത്തിയാക്കിയത്. എല്ലാ ഹീറ്റ്സും പരിഗണിക്കുമ്പോൾ 24-ാം സ്ഥാനത്താണ് താരം. 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ നാലാം ഹീറ്റ്സിൽ മൂന്നാമനായാണ് ശ്രീഹരി സെമി ഉറപ്പിച്ചത്. 54.68 സെക്കൻഡിലായിരുന്നു ശ്രീഹരിയുടെ ഫിനിഷ്. പുരുഷൻമാരുടെ 400 മീറ്രർ ഫ്രീസ്റ്റൈലിൽ കുശാഗ്ര റാവത്തും ഹീറ്റ്സിൽ പുറത്തായി.
വനിതാ ക്രിക്കറ്റിൽ തോൽവി
കോമൺവെൽത്ത് ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയ വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ ലോക ചാമ്പ്യൻമാരായ ആസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ ഒരുഘട്ടത്തിൽ 49/5 എന്ന നിലയിൽ തകർന്നെങ്കിലും അർദ്ധ സഞ്ച്വറി നേടിയ ആഷ്ലി ഗാർഡ്നറുടേയും (പുറത്താകാതെ 35 പന്തിൽ 52), ഗ്രേസ് ഹാരിസിന്റേയും (20 പന്തിൽ 37) ബാറ്റിംഗിന്റെ പിൻബലത്തിൽ ഓരോവറും മൂന്ന് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു (157/7). 4 ഓവറിൽ 18റൺസ് നൽകി 4 ഓസീസ് മുൻനിര ബാറ്റേഴ്സിനെ നിലയുറപ്പിക്കും മുന്നേ തിരിച്ചയച്ച പേസർ രേണുക താക്കൂർ ബാളുകൊണ്ട് ഗംഭീരതുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഇന്നിംഗ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ അപകടകാരിയായ അലീസ ഹീലിയെ സ്ലിപ്പിൽ ദീപ്തി ശർമ്മയുടെ കൈയിൽ എത്തിച്ചാണ് രേണുക വിക്കറ്റ് വേട്ട തുടങ്ങിയത്. ഓസീസിന്റെ ആദ്യ നാല് വിക്കറ്റും രേണുക തന്നെ നേടി. 7.2 ഓവറിൽ 49/5 ന് തകർന്നെങ്കിലും പിന്നീട് ആഷ്ലിയും ഗ്രേസും അലാനയും (പുറത്താകാതെ 18) നിലയുറപ്പിച്ചതോടെ ഇന്ത്യകളി കൈവിട്ടു. ദീപ്തിശർമ്മ 2 വിക്കറ്റ് വീഴ്ത്തി.
നേരത്തെ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഹർമ്മൻ പ്രീതിന്റെയും (34 പന്തിൽ 52), ഷെഫാലി വർമ്മയുടേയും (33 പന്തിൽ 48) ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഓസീസിനായി ജെസ്സ് ജോനാസൻ നാല് വിക്കറ്റ് വീഴ്ത്തി. നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 4ടീമുൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് രണ്ട് ടീം സെമിയിൽ എത്തും.
അനഹത്
അദ്ഭുതം
സ്ക്വാഷിലെ ഇന്ത്യൻ ബേബി അനഹത് സിംഗിന് കോമൺവെൽത്ത് ഗെയിംസിൽ വിജയത്തുടക്കം. ഇന്നലെ വനിതാ സിംഗിൾസ് സ്ക്വാഷ് ആദ്യ റൗണ്ടിൽ പതിന്നാലുകാരിയായ അനഹത് സെന്റ് വിൻസന്റ് ആൻഡ് ഗ്രെനാഡിനസിന്റെ ജാഡാ റോസിനെ കീഴടക്കി. സ്കോർ :11-5,11-2,11-0. ഇരുപത് മിനിട്ടിനുള്ളിൽ മത്സരം തീർന്നു. ഇന്ത്യൻ കോമൺവെൽത്ത് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അനഹത്.
ആദ്യ സ്വർണം ഇംഗ്ലണ്ടിന്
കോമൺവെൽത്ത് ഗെയിംസിലെ ഇത്തവണത്തെ ആദ്യ സ്വർണം ആതിഥേയർ തന്നെ നേടി. പുരുഷൻമാരുടെ ട്രയാത്തലണിൽ ഇംഗ്ലീഷ് താരം അലക്സ് യീ ആണ് ആദ്യ സ്വർണത്തിന് അവകാശിയായത്.
ഇന്ന് ഇന്ത്യയുടെ
പ്രധാന മത്സരങ്ങൾ
ബാഡ്മിന്റൺ
ഉച്ചകഴിഞ്ഞ് 1.30- ശ്രീലങ്കയ്ക്കെതിരെ മിക്സഡ് ടീം
രാത്രി 11.30 - ആസ്ട്രേലിയക്കെതിരെ മിക്സഡ് ടീം
വെയ്റ്റ് ലിഫ്ടിംഗ്
ഉച്ചകഴിഞ്ഞ് 1.30- പുരുഷൻമാർ 55 കിഗ്രാം ഫൈനൽ (സാകേത്)
വൈകിട്ട് 4.15-പുരുഷൻമാർ 61കിഗ്രാം ഫൈനൽ (ഗുരുരാജ്)
രാത്രി 8- വനിതകൾ 49 കിഗ്രാം ഫൈനൽ (മീരാബായ് ചാനു)
ടേബിൾ ടെന്നിസ്
ഉച്ചകഴിഞ്ഞ് 2 മണി - വനിതാ ടേബിൾ ടെന്നിസ് ടീം ഗയാനയ്ക്കെതിരെ
വൈകിട്ട് 4.30- നോർത്തേൺ അയർലൻഡിനെതിരെ പുരുഷ ടീം
ബോക്സിംഗ്
വൈകിട്ട് 5- പുരുഷൻമാർ ഫെതർവെയ്റ്റ് (ഹുസ്സാമുദ്ദീൻ മൊഹമ്മദ്)
രാത്രി 12- ലൈറ്റ് മിഡിൽ വനിതകൾ (ലൊവ്ലിന)
സ്ക്വാഷ്
വൈകിട്ട് 5- പുരുഷ സിംഗിൾസ് (രമിത്, സൗരവ് ഘോഷാൽ).
വൈകിട്ട് വനിതാ സിംഗിൾസ് (സുനൈന സാറ കുരുവിള, ജോഷ്ന ).
വനിതാ ഹോക്കി
രാത്രി 11.30 -വേൽസിനെതിരെ പൂൾ എ
സൂപ്പർ ടീം വിജയങ്ങൾ
ടേബിൾ ടെന്നിസിൽ വനിതാ ടീം ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും പുരുഷ ടീം ബാർബഡോസിനെതരെയും 3-0ത്തിന്റെ ഗംഭീര ജയം നേടി.
വനിതാ ഹോക്കിയിൽ പൂൾ എയിൽ ഇന്ത്യ ഘാനയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കി.
ബാഡ്മിന്റൺ മിക്സഡ് ടീം മത്സരത്തിൽ ഇന്ത്യ 5-0ത്തിന് പാകിസ്ഥാനെ കീഴടക്കി.
ഉദ്ഘാടനച്ചടങ്ങിനിടെ സ്ഥലംവിട്ട്
ലൊവ്ലിന, പരിശീലനം
ഉള്ളതുകൊണ്ടെന്ന് വിശദീകരണം
കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് പൂർത്തിയാകുന്നതിന് മുന്നേ ഇന്ത്യൻ സംഘത്തിലെ ബോക്സിംഗ് താരങ്ങളായ ഒളിമ്പിക് മെഡൽ ജേതാവ് ലൊവ്ലിന ബോർഗെഹെയ്നും പുരുഷ താരം മുഹമ്മദ് ഹുസ്സാമുദ്ദീനും മടങ്ങിയത് വിവാദമായി. രണ്ട് മണിക്കൂറുണ്ടായിരുന്ന ഉദ്ഘാടനച്ചടങ്ങ് ഒരു മണിക്കൂറായപ്പോഴാണ് ഇരുവരും സ്ഥലം വിട്ടത്. ഉദ്ഘാടനച്ചടങ്ങിനിടയ്ക്ക് ലൊവ്ലിനയും ഹുസ്സമുദ്ദിനും മുങ്ങിയെന്നും ഇരുവരും നഹരത്തിൽ മുപ്പതുമിനിട്ടോളം കറങ്ങിയെന്നുമാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ കറങ്ങാൻ പോയതല്ലെന്നും അതിരാവിലെ പരിശീലനം നടത്തേണ്ടതിനാലാണ് ഉദ്ഘാടനച്ചടങ്ങിനിടെ മടങ്ങിയതെന്നും ലൊവ്ലിന പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെന്നും ലൊവ്ലിന കൂട്ടിച്ചേർത്തു. എന്നാൽ താരത്തിന്റെ വിശദീകരണത്തിൽ ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജേഷ് ഭണ്ഡാരി അതൃപ്തി പ്രകടിപ്പിച്ചു.
ലൊവ്ലിന പുറത്തുപോയ കാര്യം അറിയില്ലെന്നും എല്ലാതാരങ്ങൾക്കും രാവിലെ പരിശീലനമുണ്ടെന്നും നേരത്തേ ഇറങ്ങിപ്പോകുമെന്ന കാര്യം അറിയിച്ചിരുന്നെങ്കിൽ ലൊവ്ലിനയെ ചടങ്ങിൽ നിന്നൊഴിവാക്കുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു. ബോക്സിംഗ് ഫെഡറേഷൻ തന്നെ മാനസീകമായി പീഡിപ്പിക്കുകയാണെന്നും തന്റെ പരിശീലകരെ തഴയുകയാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ലൊവ്ലിന ട്വീറ്റ് ചെയ്തത് വലിയ രീതിയിൽ ചർച്ചയായിരുന്നു.