
ന്യൂഡൽഹി: ചൈനയുടെ ആപ്പുകൾ നിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇന്ത്യയിൽ വിലക്കിയ ഓൺലൈൻ ഗെയിമുകളുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു പബ്‌ജി. ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രിയങ്കരമായ മൊബൈൽ ഗെയിം രാജ്യത്ത് നിരോധിക്കപ്പെട്ടെങ്കിലും അതിന്റെ നിർമാതാക്കളായ ക്രാഫ്ട്ടൺ പുതിയ രൂപത്തിലും ഭാവത്തിലും പബ്‌ജി ഗെയിമിനെ വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ചു.ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബി ജി എം ഐ) എന്നായിരുന്നു പുതിയ ഗെയിമിന്റെ പേര്. എന്നാൽ പഴയ പബ്‌ജിയുമായി താരതമ്യം ചെയ്യുമ്പോൾ പേരിൽ മാത്രമായിരുന്നു ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യക്ക് വ്യത്യസ്ഥത ഉണ്ടായിരുന്നത്. ബാക്കിയെല്ലാ കാര്യങ്ങളിലും പബ്‌ജിയുടെ തനിപകർപ്പായിരുന്നു ബി ജി എം ഐ.
പക്ഷേ ബി ജി എം ഐക്കും ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പൂട്ട് വീണിരിക്കുകയാണ്. ബി ജി എം ഐയുടെ ഡൗൺലോഡിംഗ് ഫയലുകൾ എല്ലാം പ്ളേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു കഴിഞ്ഞു. പലർക്കും നിലവിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പ്ളേസ്റ്റോറിൽ തിരഞ്ഞാൽ ലഭിക്കില്ല. ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് പ്ളേസ്റ്രോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത ശേഷമാണ്.
അതേസമയം ബി ജി എം ഐയുടെ നിർമാതാക്കളായ ക്രാഫ്റ്റണിന് ഈ വിലക്കിനെ കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് തന്നെ ഗെയിമിന്റെ എ പി കെ ഫയലുകൾ തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന അറിയിപ്പ് ക്രാഫ്റ്റൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. പ്ളേസ്റ്റോറിൽ നിന്നുമല്ലാതെ ആപ്പ് ഫയലുകൾ നേരിട്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന ഫയലുകളാണ് എ പി കെ.
ആൻഡ്രോയിഡ് പോലുള്ള ഓപ്പറേറ്റിംഗ് സോഫ്ട്‌വെയറുകൾ എ പി കെ ഫയലുകളുടെ ഡൗൺലോഡിംഗ് പരമാവധി നിരുത്സാഹപ്പെടുത്താറാണ് പതിവ്. ഇത്തരം ഫയലുകളിൽ മാൽവെയറുകളും വൈറസുകളും അടങ്ങിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നത് തന്നെയാണ് പ്രധാന കാരണം. അതേസമയം ആപ്പിൾ ഇത്തരം ഫയലുകൾ ഒരു തരത്തിലും തങ്ങളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കാറില്ല. ബാറ്റിൽഗ്രൗണ്ട്സ് ഇനി കളിക്കണമെന്നു വച്ചാൽ തന്നെ ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവർക്ക് അതിന് ഒരു വഴിയുമില്ല എന്ന് ചുരുക്കം. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് എ പി കെ ഫയലുകൾ ഡൗൺലോഡ് ചെയ്യാം എന്ന മാർഗമെങ്കിലും ഉണ്ട്.