uk

ലണ്ടൻ : ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിൽ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി പദം സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ വംശജനും ബ്രിട്ടണിലെ മുൻ ധനമന്ത്രിയുമായ ഋഷി സുനാക്കും ഫോറിൻ സെക്രട്ടറി ലിസ് ട്രസും. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഇവരിലൊരാൾ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. 1,​60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ പോസ്റ്റൽ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഇതിന് മുന്നോടിയായി പാർട്ടി അംഗങ്ങളെ ഇരുവരും നേരിട്ട് അഭിസംബോധന ചെയ്യുന്ന സംവാദ ചർച്ചകൾക്ക് തുടക്കമായി. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി യോക്ക്‌ഷെയറിലെ ലീഡ്സിലായിരുന്നു ആദ്യ ചർച്ച. തിങ്കളാഴ്ച തെക്ക് - പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എക്സറ്ററിൽ വച്ചാണ് പാർട്ടി അംഗങ്ങളുമായുള്ള അടുത്ത സംവാദം. ആദ്യ സംവാദത്തിൽ അനധികൃത കുടിയേറ്റമുൾപ്പെടെയുള്ളവയ്ക്കെതിരെ സ്വീകരിക്കാൻ പോകുന്ന പദ്ധതികൾ ഋഷി വിവരിച്ചു.

അതേ സമയം, പാർട്ടി അംഗങ്ങളിൽ നിന്ന് കഠിനമായ ചോദ്യങ്ങളാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ബോറിസ് ജോൺസണെ ഋഷി പിറകിൽ നിന്ന് കുത്തിയെന്ന ആരോപണവും ഉയർന്നു. വെസ്റ്റ് യോക്ക്‌ഷെയറിൽ നിന്നുള്ള കൺസർവേറ്റീവ് അംഗമായ മാത്യു ആണ് ഋഷിക്കെതിരെ ആരോപണം ഉന്നയിച്ചത്.

നിരവധി പേർ ഇപ്പോഴും ബോറിസിനെ പിന്തുണയ്ക്കുന്നതായും ഋഷിയെ മുതിർന്ന രാഷ്ട്രീയ നേതാവാക്കി മാറ്റിയത് ബോറിസാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഋഷി നിഷേധിച്ചു. സാമ്പത്തിക നയത്തിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് താൻ രാജിവച്ചതെന്ന് ഋഷി വ്യക്തമാക്കി.

നിലവിലെ അഭിപ്രായ സർവേകളിൽ ലിസിനാണ് മുൻതൂക്കം. പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നാലെ ബോറിസിന്റെ ഭരണത്തിൽ അതൃപ്തിയറിയിച്ച് ധനമന്ത്രി റിഷി സുനാക്ക്, ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നിവരും പിന്നാലെ 5 ക്യാബിനറ്റ് മന്ത്രിമാർ, 25 ജൂനിയർ മന്ത്രിമാർ അടക്കം 60ഓളം എം.പിമാരും മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു.

ഇതോടെ ഇക്കഴിഞ്ഞ ജൂലായ് 7നാണ് കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി 58കാരനായ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. ബോറിസ് അനുഭാവിയായ ലിസ് ട്രസ് മന്ത്രിസഭയിൽ തുടർന്നിരുന്നു.