ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേർന്ന യു. എസ് ചെസ് ടീമിന് ചെന്നൈയിലെ യു.എസ്. കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ വരവേൽപ്പ് നൽകി.
ഇന്ത്യൻ ചെസ് ഫെഡറേഷനും തമിഴ്നാട് സർക്കാരും ചേർന്ന് ഓഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന ചെസ് ഒളിമ്പ്യാഡിൽ മത്സരിക്കുന്ന യു.എസ്. ടീമംഗങ്ങൾക്ക് കോൺസൽ ജനറൽ റേവിൻ വിജയാശംസ നേർന്നു. ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ പ്രധാന്യത്തെക്കുറിച്ച് കോൺസൽ ജനറൽ കളിക്കാരുമായി ചർച്ച ചെയ്തു.
യു.എസ് - ഇന്ത്യ ബന്ധത്തിന്റെ 75ാം വാർഷിക വേളയിൽ ചെന്നൈയിൽ ചെസ് ഒളിമ്പ്യാഡ് നടക്കുന്നതിൽ ചെന്നൈയിലെ കോൺസുലേറ്റ് ജനറൽ കാര്യാലയം ആവേശഭരിതമാണെന്നും 
കോൺസൽ ജനറൽ കൂട്ടിച്ചേർത്തു.
ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി യു.എസ്. ടീമുകൾ കാണുന്നുവെന്ന് ഓപ്പൺ വിഭാഗത്തിലെ യു.എസ്. ടീം ക്യാപ്റ്റൻ ജോൺ ഡൊണാൾഡ്സൺ പറഞ്ഞു.
'ചെസ്സിൻറെ ജന്മസ്ഥലമായി പലരും കണക്കാക്കുന്ന നാടാണ് ഇന്ത്യ. അത് കൊണ്ട് തന്നെ പ്രശസ്തമായ ചെസ് ഒളിമ്പ്യാഡ് ഇവിടെ ആദ്യമായി നടക്കുന്നത് തികച്ചും അനുയോജ്യമാണെന്നും ജോൺ ഡൊണാൾഡ്സൺ പറഞ്ഞു. ദേശീയപ്രാദേശിക ഗവൺമെന്റുകളുടെ പിന്തുണയോടെ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാൻ വൈകിയ വേളയിൽ സന്നദ്ധത അറിയിച്ച ഇന്ത്യൻ ചെസ് ഫെഡറേഷന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ആദ്യമായി ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായി യു.എസ്. വനിതാ ടീം ക്യാപ്റ്റൻ മെലിക്സെറ്റ് ഖുച്ചിയാൻ പറഞ്ഞു.
 'ശക്തമായ ചെസ് പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദിൻറെ രാജ്യമാണിത്. ചെസ്സിൻറെ വലിയ ചരിത്രം കൈവശമുള്ള ഇടമാണ് ചെന്നൈ. വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസണും ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ആദ്യമായി ഏറ്റുമുട്ടിയതും ചെന്നൈയിലാണെന്നും ഖുച്ചിയാൻ കൂട്ടിച്ചേർത്തു.
ഇന്റർ നാഷണൽ മാസ്റ്റർ (ഐ.എം.) ജോൺ ഡൊണാൾഡ്സൺ ക്യാപ്റ്റനായ യു.എസ്. ടീം ഓപ്പൺ വിഭാഗത്തിലെ 187 ടീമുകളിൽ ആദ്യ സീഡാണ്. ഗ്രാൻഡ് മാസ്റ്റർ (ജി.എം.) ഫാബിയാനോ കരുവേന, ജി.എം. ലെവോൺ ആരോണിയൻ, ജി.എം. വെസ്ലി സോ, ജി.എം. ലൈനിയർ ഡൊമിംഗസ്, ജി.എം. സാം ഷെങ്ക്ലൻഡ് എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ജി.എം. റോബർട്ട് ഹെസ് ആണ് പരിശീലകൻ.
വനിതാ വിഭാഗത്തിൽ ക്യാപ്റ്റൻജി.എം. മെലിക്സെറ്റ് ഖുച്ചിയാൻ നയിക്കുന്ന യു.എസ് ടീം 162 ടീമുകളിൽ എട്ടാം സീഡാണ്. ജി.എം. ഇറീന ക്രഷ്, ഐ.എം. കരിസ യിപ്, ഐ.എം. ആനാ സാറ്റൻസ്ക, വുമൻ ഗ്രാൻഡ് മാസ്റ്റർ (ഡബ്ല്യു.ജി.എം.) താതേവ് അബ്രഹാമിയൻ, ഡബ്ല്യു.ജി.എം. ഗുൽരൂക്ബേം ടോകിറോയൊനോവ എന്നിവരടങ്ങുന്നതാണ് വനിതാ ടീം. ജി.എം. അലെഹാന്ദ്രോ റമീറെസ് ആണ് പരിശീലകൻ.