
സോൾ : ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് പബ്‌ജി ഗെയിമിന്റെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ) നീക്കി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബി.ജി.എം.ഐ നീക്കിയതെന്ന് ഗൂഗിളിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ആപ്പിൾ പ്രതികരിച്ചിട്ടില്ല. നിരോധനം ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ച് വ്യാഴാഴ്ച വൈകിട്ടാണ് ഗൂഗിളും ആപ്പിളും ബി.ജി.എം.ഐയെ ബ്ലോക്ക് ചെയ്തത്. ബി.ജി.എം.ഐയെ നീക്കാനുള്ള കാരണം വ്യക്തമല്ല. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ മുൻനിറുത്തി പബ്‌ജി അടക്കം ചൈനീസ് ബന്ധമുള്ള നിരവധി ആപ്പുകൾ നേരത്തെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്‌റ്റന്റെ ഉടമസ്ഥതയിലുള്ളതാണ് ബി.ജി.എം.ഐ. പബ്‌ജിയും ക്രാഫ്‌റ്റന്റേതാണ്.
ചൈനീസ് കമ്പനിയായ റ്റെൻസെന്റിന്റെ പിന്തുണ ക്രാഫ്‌റ്റനുണ്ട്. അതിനാൽ ചൈനയുമായി ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റ പങ്കുവയ്ക്കുമോ എന്ന ആശങ്ക നിരോധനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഏകദേശം 100 ദശലക്ഷം ഉപഭോക്താക്കളാണ് ബി.ജി.എം.ഐയ്ക്ക് ഇന്ത്യയിലുള്ളത്.
അതേ സമയം, ബി.ജി.എം.ഐയ്ക്ക് പകരം ആപെക്സ് ലെജന്റ്സ് മൊബൈൽ, കോൾ ഒഫ് ഡ്യൂട്ടി മൊബൈൽ, ഗരെന ഫ്രീ ഫയർ മാക്സ്, ഫോർട്ട്‌നൈറ്റ്, മോഡേൺ കോംബാറ്റ്-5, സ്കാർഫോൾ: ദ റോയൽ കോംബാറ്റ്, ക്രാഫ്റ്റന്റെ തന്നെ പബ്‌ജി ന്യൂ സ്റ്റേറ്റ് മൊബൈൽ തുടങ്ങിയ ഗെയിമുകളിലേക്ക് കൂടുതൽ പേർ എത്തിയേക്കുമെന്നാണ് കരുതുന്നത്.