
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ നിന്നും തിരികെ ഹോട്ടലിലേക്ക് മടങ്ങാൻ വാഹനം കിട്ടാതെ ഇന്ത്യയുടെ വനിതാ ബോക്സിംഗ് ഒളിമ്പിക്സ് മെഡൽ ജേതാവ് ലൊവ്‌ലീന. ഇന്നല രാത്രി നടന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ലൊവ്‌ലീനയും മറ്റൊരു ബോക്സറായ മുഹമ്മദ് ഹുസാമുദ്ദീനും വാഹനം കിട്ടാതെ തെരുവിൽ അലഞ്ഞത്. ഉദ്ഘാടന ചടങ്ങിന് പിറ്റേന്ന് തങ്ങൾക്ക് ഇരുവർക്കും മത്സരം ഉള്ളതിനാലാണ് ഉദ്ഘാടന ചടങ്ങ് തീരുന്നത് വരെ നിൽക്കാതെ നേരത്തെ മടങ്ങിയതെന്ന് ലൊവ്‌ലീന മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഗെയിംസ് വില്ലേജിൽ ഇന്ത്യൻ സംഘത്തിന് വേണ്ടി മൂന്ന് കാറുകളാണ് സംഘാടകർ ഏർപ്പാടാക്കിയത്. എന്നാൽ ഇന്നലെ ഉദ്ഘാടന ചടങ്ങുകളായതിനാൽ ടീമംഗങ്ങളെല്ലാവരും ടീം ബസിലാണ് ഉദ്ഘാടന വേദിയിലേക്ക് തിരിച്ചത്. എന്നാൽ ലൊവ്‌ലീനയും മുഹമ്മദ് ഹുസാമുദ്ദീനും പിറ്റേന്ന് മത്സരമുള്ളതിനാൽ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇവരുടെ പ്രതീക്ഷകൾ തെറ്റിച്ച് ഹോട്ടലിലേക്ക് മടങ്ങുന്നതിന് വാഹനം കണ്ടെത്താൻ ഇവർക്ക് സാധിച്ചില്ല. ഉദ്ഘാടന വേദിയിലേക്ക് ടീം ബസിൽ യാത്ര തിരിച്ചതിനാൽ ഇന്ത്യൻ സംഘത്തിന് അനുവദിച്ച കാറുകളിലെ ഡ്രൈവർമാരും തങ്ങളുടെ ഡ്യൂട്ടി വൈകുന്നേരത്തോടെ അവസാനിപ്പിച്ചിരുന്നു. ഇതാണ് താരങ്ങൾക്ക് വിനയായത്.
എന്നാൽ സംഭവത്തോട് വളരെ രൂക്ഷമായിട്ടാണ് ഇന്ത്യൻ സംഘത്തിന്റെ തലവനും ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായ രാജേഷ് ഭണ്ഡാരി പ്രതികരിച്ചത്. ഉദ്ഘാടന ചടങ്ങുകൾക്ക് ഇടയിലാണ് ലൊവ്‌ലീന ഹോട്ടലിലേക്ക് മടങ്ങിയ കാര്യം താൻ അറിയുന്നതെന്നും എല്ലാവരും ബസിൽ വന്നതിനാൽ ടാക്സി ഒന്നും ലഭ്യമായിരുന്നില്ലെന്നും ഭണ്ഡാരി പറഞ്ഞു. നേരത്തെ പോകണം എന്നുണ്ടായിരുന്നെങ്കിൽ ഇരുവരും ഉദ്ഘാടന ചടങ്ങിന് വരരുതായിരുന്നെന്നും അത്തരത്തിൽ നിരവധി താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നെന്നും ഭണ്ഡാരി പറഞ്ഞു. ഉദ്ഘാടനത്തിന്റെ പിറ്റേന്ന് മത്സരമുള്ളതിനാൽ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങൾ ഉദ്ഘാടന ചടങ്ങുകൾക്ക് എത്തിയിരുന്നില്ല.