gg

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. അതിജീവിതയ്ക്കും മുൻഭാര്യ മഞ്ജു വാര്യർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ,​ പ്രോസിക്യൂഷൻ,​ അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്‌ജിയെ തടസപ്പെടുത്തുന്നുവെന്ന് ദിലീപ് ആരോപിച്ചു. ഇന്ന് വൈകിട്ടാണ് ദിലീപ് അപേക്ഷ ഫയൽ ചെയ്തത്.

കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം,​ തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് നിർദ്ദേശം നൽകണം,​ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് അപേക്ഷയിൽ പറയുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു.

മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് വ്യക്തിപരമായും തൊഴിൽപരമായും എതിർപ്പുള്ളതിനാൽ തന്നെ കേസിൽപ്പെടുത്തിയതാണെന്നും ദിലീപ് പറയുന്നു. തന്റെ മുൻഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസിൽപ്പെടുത്തിയതിന് ഉത്തരവാദിയാണെന്നും ദിലീപ് ആരോപിച്ചു. ഈ ഉദ്യോഗസ്ഥ നിലവിൽ ഡി.ജി.പി റാങ്കിൽ ആണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്കെതിരെയും അഭിഭാഷകർ,​ വിചാരണ കോടതി ജഡ്‌ജി എന്നിവർക്കെതിരെയും മാദ്ധ്യമ വിചാരണ നടക്കുന്നു. വിചാരണ കോടതി ജ‌‌ഡ്‌ജിക്കെതിരെയും അഭിഭാഷകർക്കെതിരെയും അതിജീവിത ഹർജികൾ ഫയൽ ചെയ്തതായും ദിലീപ് ആരോപിക്കുന്നു.കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അതിജീവിത മാദ്ധ്യമ പ്രവർത്തക ബർഖാ ദത്തിന് അഭിമുഖം നൽകിയെന്നും അപേക്ഷയിൽ പറയുന്നു .