
ന്യൂഡൽഹി: ഒഡീഷ എം എൽ എ പ്രശാന്ത് കുമാർ ജഗ്ദേവിന് സ്വന്തം മണ്ഡലത്തിൽ വിലക്കേർപ്പെടുത്തി സുപ്രീം കോടതി. പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസിൽ വിചാരണ നേരിടുന്ന ബി ജെ ഡി എം എൽ എയായ പ്രശാന്ത് കുമാർ ജഗ്ദേവിന് ഒരു വർഷത്തേക്ക് പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതിനും വിലക്കുണ്ട്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
കേസിൽ എം എൽ എക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്. ഒരു വർഷത്തേക്കാണ് പ്രശാന്ത് കുമാറിന് മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിലക്കുള്ള കാലയളവിൽ ജില്ലാ കളക്ടറുടെ അനുമതിയോടു കൂടി വേണമെങ്കിൽ മണ്ഡലത്തിൽ പ്രവേശിക്കാം. എന്നാൽ അഞ്ച് പേരിൽ കൂടുതലുള്ള ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
ഈ നിബന്ധനകൾക്ക് പുറമേ വിചാരണ കോടതിക്ക് മറ്റേത് തരത്തിലുള്ള നിബന്ധനയും വയ്ക്കാനുള്ള അനുവാദവും സുപ്രീം കോടതി നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ആഡംബര കാർ ഓടിച്ചു കയറ്റിയെന്നാണ് പ്രശാന്ത് കുമാറിനെതിരെയുള്ള കേസ്. സംഭവത്തിൽ 20 പേർക്കാണ് പരിക്കേറ്റത്.