kk

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതായി മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ടീം ബറോസ് ലൊക്കേഷനിൽ നിന്ന് സൈനിംഗ് ഓഫ് ചെയ്യുന്നു,​ ഇനി കാത്തിരിപ്പ് തുടങ്ങുന്നു. ബറോസിന്റെ അണിയറ പ്രവർത്തകരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബറോസിന്റെ പ്രഖ്യാപനം 2019ലായിരുന്നു നടന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രത്തിന്റെ സംവിധായകനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൻതാരനിരയാമ് ചിത്രത്തിൽ അണിനിരക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.