
ചെന്നൈ: ചെസ് ഒളിമ്പ്യാഡിന്റെ ആദ്യ ദിനം ഇന്ത്യയുടെ ഓപ്പൺ വിഭാഗത്തിലേയും വനിതാ വിഭാഗത്തിലേയും മൂന്ന് ടീമുകളും (ഇരുവിഭാഗങ്ങളിലുമായി ആറ് ടീമുകൾ) ആദ്യറൗണ്ട് മത്സരങ്ങളിൽ വിജയിച്ചു. മലയാളിതാരം എസ്.എൽ നരായണൻ ഉൾപ്പെട്ട എ ടീം സിംബാബ്വെയാണ് 4-0ത്തിന് കീഴടക്കിയത്. നാരായണൻ സിംബാബ്വെ താരം മുഷോറയെയാണ് 33 നീക്കങ്ങൾക്കൊടുവിൽ കീഴടക്കിയത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ നാരായണൻ ഫിഡേ റേറ്റിംഗിൽ 2659 പോയിന്റുള്ള താരമാണ്. വേൾഡ് റാങ്കിംഗിൽ 89-ാം സ്ഥാനവും ഏഷ്യൻ റാങ്കിംഗിൽ 20-ാം സ്ഥാനവുമുള്ള നാരായണൻ ഇന്ത്യൻ റാങ്കിംഗിൽ ആറാം സ്ഥാനത്താണ്. എ ടീമിലെ മറ്റ് അംഗങ്ങളായ വിഡിത്ത് ഗുജറാത്തി,അർജുൻ എരിഗെയ്സി,കെ.ശശികിരൺ എന്നിവരും അനായാസ ജയം നേടി.
മലയാളി യുവ വിസ്മയം നിഹാൽസരിൻ ഉൾപ്പെട്ട ബി ടീം യു.എ.ഇയെ കീഴടക്കി. നിഹാൽ സരിൻ സുൽത്താൻ ഇബ്രാഹിമിനെയാണ് കീഴടക്കിയത്. 2651 ഫിഡേ റേറ്റിംഗ് പോയിന്റുള്ള നിഹാൽ,ലോക റാങ്കിംഗിൽ 99-ാം സ്ഥാനത്തും ഏഷ്യൻ റാങ്കിംഗിൽ 22-ാം സ്ഥാനത്തും ഇന്ത്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തുമാണ്. യുവതാരം റൗണക് സധ്വാനിയാണ് ആദ്യ ജയം നേടിയത്. രണ്ടര മണിക്കൂർ നീണ്ട മൽസരത്തിൽ 36 നീക്കങ്ങൾക്കുള്ളിൽ യു.എ.ഇയുടെ മ ുഹമ്മദ് റഹ്മാനെയാനെയാണ് പരാജയപ്പെടുത്തിയത്. അബിധാൻ,ഗുകേഷ് എന്നിവരും ജയം നേടി. സേതുരാമൻ,കാർത്തികേയൻ മുരളി,അഭിജീത് ഗുപ്ത,അഭിമന്യു പൗരാണിക് എന്നിവരുൾപ്പെട്ട സി ടീം സൗത്ത് സുഡാനെയാണ് തോൽപ്പിച്ചത്.