
ബീജിംഗ് : ചൈനീസ് ശതകോടീശ്വരനായ ജാക്ക് മാ തന്റെ ഉടമസ്ഥതയിലുള്ള ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ആലിബാബ ഗ്രൂപ്പ് സ്ഥാപകനായ ജാക്ക് മാ നിലവിൽ യൂറോപ്യൻ പര്യടനത്തിലാണെന്നാണ് റിപ്പോർട്ട്. 2020 ൽ ഡിജിറ്റൽ പേയ്‌മെന്റുകളടക്കമുള്ള ആന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടവുമായി തെറ്റിയതിന് പിന്നാലെ ജാക്ക് മാ പൊതുജനമദ്ധ്യത്ത് നിന്ന് അപ്രത്യക്ഷനായിരുന്നു. പിന്നാലെ ജാക്കിനെ സർക്കാർ കരുതൽ തടങ്കലിലാക്കിയിരിക്കാമെന്ന റിപ്പോർട്ടുകളുണ്ടായി.
എന്നാലിപ്പോൾ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ജാക്ക് മാ ചൈനീസ് ഭരണകൂടത്തിന് വിട്ടുനൽകാൻ തീരുമാനിച്ചതോടെ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചെന്നാണ് സൂചന. കമ്പനിയിൽ ജാക്ക് മായ്ക്കുള്ള ഓഹരികൾ സർക്കാരിന് കൈമാറും.