
ടറൗബ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 68 റൺസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
ഇന്ത്യയ്ക്കായി അർഷദീപ് സിംഗ്, അശ്വിൻ, ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 20 റൺസെടുത്ത ബ്രൂക്ക്സാണ് വിൻഡീസിന്റെ ടോപ്സ്കോറർ. നേരത്തേ 44 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 64 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. വെടിക്കെട്ട് ഫിനഷിംഗുമായി ദിനേഷ് കാർത്തിക്ക് അവസാന ഓവറുകളിൽ റൺസ് അതിവേഗം ഉയർത്തി. 4 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താകാതെ 19 പന്തിൽ 41 റൺസാണ് ദിനേഷ അടിച്ചു കൂട്ടിയത്. സൂര്യകുമാർ യാദവ് 24 റൺസ് നേടി.
രാഹുലിന് പകരം സഞ്ജു
വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തി. കൊവഡ് ബാധിതനായ കെ.എൽ രാഹുലിന് പകരക്കരാനയാണ് സഞ്ജുവിനെ അവസാന നിമിഷം ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തേ സഞ്ജുവിനെ ഏകദിനത്തിൽ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ.