
ലണ്ടൻ : സ്കോട്ട്‌ലൻഡിലെ ലോക് നെസ് തടാകത്തിൽ ജീവിക്കുന്നതെന്ന് വിശ്വസിക്കുന്ന ലോക് നെസ് മോൺസ്റ്റർ അഥവാ ' നെസി ' എന്ന ഐതിഹാസിക ജീവി ഒരുപക്ഷേ യാഥാർത്ഥ്യമായിരുന്നിരിക്കാമെന്ന് ബ്രിട്ടീഷ് ഗവേഷകർ. സ്കോട്ടിഷ് നാടോടികഥകളിലാണ് ലോക് നെസ് തടാകത്തിൽ വസിക്കുന്ന ഭീകര ജീവിയായ നെസിയെ പറ്റിയുള്ള പരാമർശങ്ങളുള്ളത്.
ഇപ്പോഴും തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ആ അജ്ഞാത ജീവിയുണ്ടെന്നാണ് ചിലർ വിശ്വസിക്കുന്നത്. നെസിയെ കണ്ടെത്താൻ നിരവധി പേരാണ് തടാകത്തിൽ നിരീക്ഷണം നടത്തിയിട്ടുള്ളത്. നെസിയുടെ രഹസ്യം തേടുന്നവർക്കായി ലോക്ക് നെസ് തടാകക്കരയിൽ ലൈവ് വെബ് കാമറ വരെ സ്ഥാപിച്ചിട്ടുണ്ട്. വെബ് സൈറ്റ് വഴി ലോകത്തിന്റെ എവിടെ നിന്നും ലോക്ക് നെസ് തടാകം നിരീക്ഷിക്കുകയും ചെയ്യാം.
' പ്ലീസിയോസോർ " എന്ന പുരാതന ജീവിയുടെ ഫോസിൽ ലഭിച്ചതോടെയാണ് നെസി യാഥാർത്ഥ്യമായിരിക്കാമെന്ന് ഗവേഷകർ പറയുന്നത്. മീസോസോയിക് യുഗത്തിൽ ജീവിച്ചിരുന്ന കടൽ ജീവികളായിരുന്നു പ്ലീസിയോസോർ. ദിനോസറുകളുടെ കാലഘട്ടത്തിൽ സമുദ്രങ്ങളിൽ കാണപ്പെട്ട ഇവയ്ക്ക് നീണ്ട കഴുത്തായിരുന്നു.
ഏകദേശം 9 അടി നീളമുണ്ടായിരുന്ന പ്ലീസിയോസോറിന്റെ എല്ലുകളും പല്ലും ഉൾപ്പെടുന്ന ഫോസിൽ മൊറോക്കോയിലെ സഹാറ മരുഭൂമിയിൽ 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സ്ഥിതി ചെയ്തിരുന്ന ഒരു നദീതട പ്രദേശത്ത് നിന്നാണ് ഗവേഷകർ കണ്ടെത്തിയത്.ശുദ്ധജലത്തിലും പ്ലീസിയോസോറുകൾ ജീവിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്കോട്ടിഷ് പർവതപ്രദേശങ്ങളിലെ തടാകങ്ങളിലും ഉൾക്കടലുകളിലും ഇവ ജീവിച്ചിരുന്നെന്ന് കരുതുന്നു.
ശാസ്ത്ര ജേണലായ ക്രിറ്റേഷ്യസ് റിസേർച്ചിലാണ് ഗവേഷകർ തങ്ങളുടെ കണ്ടെത്തൽ വെളിപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ യൂണിവേഴ്സിറ്റി ഒഫ് ബാത്ത്, യൂണിവേഴ്സിറ്റി ഒഫ് പോട്‌സ്‌മത്ത്, മൊറോക്കോയിലെ ഹസൻ II യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ഒരുപക്ഷേ ഈ പ്ലീസിയോസോറുകൾ ആയിരിക്കാം സ്കോട്ടിഷ് നാടോടിക്കഥകളിലെ നെസിയായി മാറിയതെന്നാണ് ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ, ഇക്കൂട്ടർക്ക് ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചു. ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ കാലയളവാണിത്.
നെസി ?
ഒട്ടകം, കുതിര എന്നിവയുടേതിന് സമാനമായ തലയും പാമ്പിന്റെ ശരീരവുമാണെത്രെ നെസിയ്‌ക്ക്. ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിയ്‌ക്ക് ഡ്രാഗണുമായി സാമ്യമുണ്ടത്രെ. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളിൽ ലോക് നെസ് തടാകത്തിലെ ഭീകര ജീവിയെപ്പറ്റി പരാമർശം കാണാം.
1933ൽ ഹ്യൂഗ് ഗ്രെ എന്നയാൾ നെസിയുടേതെന്ന് അവകാശപ്പെട്ട ഒരു ചിത്രം പകർത്തിയിരുന്നു. പിന്നീട് നെസിയെന്ന് കരുതുന്ന ഒരു ജീവി തടാകത്തിലൂടെ നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ 60കളിൽ പുറത്തുവന്നു. ഈ ഫോട്ടോയുടെയും വീഡിയോയുടെയും ആധികാരികത സംശയനിഴലിലാണ്. ചിലപ്പോൾ നെസി ഒരു വലിയ തരം ഈലോ മത്സ്യമോ ആകാമെന്ന് ഗവേഷകർ പറയുന്നു.
തടാകത്തിൽ അജ്ഞാത ജീവി മുങ്ങിമറയുന്നത് കണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയെങ്കിലും അതൊന്നും തെളിഞ്ഞിട്ടില്ല. നെസി വെറും തട്ടിപ്പാണെന്നാണ് മിക്കവരുടെയും വിശ്വാസം.