
ജനീവ : സ്വിറ്റ്‌സർലൻഡിലെ സ്യൂറിക് മൃഗശാലയിൽ മാരക വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ചരിഞ്ഞത് മൂന്ന് ഏഷ്യൻ ആനകൾ. നിലവിൽ വൈറസ് വ്യാപിക്കുകയാണെന്നും എങ്ങനെ തടയണമെന്ന് അറിയില്ലെന്നുമാണ് അധികൃതർ പറയുന്നത്. ' എലിഫെന്റ് എൻഡോതെലിയോട്രോപിക് ഹെർപ്സ് വൈറസ് ( ഇ.ഇ.എച്ച്.വി )" ആണ് മൃഗശാലയിൽ പടരുന്നത്.
85 ശതമാനമാണ് ഈ വൈറസിന്റെ മരണനിരക്ക്. 1990ലാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. 1985 മുതൽ യൂറോപ്യൻ മൃഗശാലകളിലെ 52 ശതമാനവും 1980 മുതൽ വടക്കേ അമേരിക്കൻ മൃഗശാലകളിലെ 50 ശതമാനവും ആനകളുടെ മരണം ഈ വൈറസ് മൂലമാണെന്ന് പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കുട്ടിയാനകളെയാണ് സാധാരണ ഈ വൈറസ് വേഗത്തിൽ പിടികൂടുന്നത്. ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്ന ഈ വൈറസുകളുടെ രക്തത്തിലെ സാന്നിദ്ധ്യം തിരിച്ചറിയാൻ വൈകുന്നതും ആനകളെ മരണത്തിലേക്ക് നയിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മൃഗശാലയിലെ അഞ്ച് വയസുള്ള റുവാനിയെന്ന ആന വൈറസ് ബാധയെ തുടർന്ന് ചരിഞ്ഞിരുന്നു. ജൂൺ അവസാനം 2 വയസുള്ള ഉമേഷ്, ജൂലായ് ആദ്യം 8 വയസുള്ള ഒമൈഷ എന്നീ ആനകളാണ് ചരിഞ്ഞത്.
നിലവിൽ സ്യൂറിക് മൃഗശാലയിൽ അഞ്ച് ആനകളാണ് അവശേഷിക്കുന്നത്. നിലവിൽ ഇ.ഇ.എച്ച്.വിയ്ക്കെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഒഫ് സറിയിൽ ഇ.ഇ.എച്ച്.വി വാക്സിന്റെ ട്രയൽ നടക്കുന്നുണ്ട്. ആനകളുടെ പ്രതിരോധവ്യവസ്ഥയെ വൈറസിനെ നേരിടുന്നതിന് പ്രാപ്തമാക്കുന്ന തരത്തിലെ വാക്സിനാണ് പരീക്ഷണഘട്ടത്തിലുള്ളത്. ചെസ്റ്റർ മൃഗശാലയിലെ ആനകളിലാണ് ഇതിന്റെ ട്രയൽ നടക്കുന്നത്.