
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ കൃഷ്ണനാട്ടം കളി സെപ്തംബർ ഒന്നിന് പുനരാരംഭിക്കും. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണനാട്ടം ക്ഷേത്രത്തിൽ ആരംഭിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് കൃഷ്ണനാട്ടം. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിക്കുക. എട്ടു രാത്രികൾ കൊണ്ട് ആടി തീർക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്തർക്ക് കൃഷ്ണനാട്ടം കളികൾ താഴെ പറയുന്ന ക്രമത്തിൽ ശീട്ടാക്കാം
അവതാരം സെപ്തംബർ 1, 15, 19, 29
കാളീയമർദ്ദനം 2, 18, 26
രാസക്രീഡ 3, 21
കംസവധം 4, 22
സ്വയംവരം . 5, 11, 23, 30
ബാണയുദ്ധം . 16, 17, 25, 28
വിവിദവധം . 12, 24
സ്വർഗ്ഗാരോഹണം 14
ദേവസ്വത്തിന്റെ കൃഷ്ണനാട്ടം കലാകാരന്മാർ മെയ് വഴക്കത്തിനായുള്ള തീവ്ര പരിശീലനത്തിലാണ്. കളരിച്ചിട്ടകളിലൂടെയുള്ള അഭ്യാസം 41 ദിവസം നീണ്ടുനിൽക്കും. പുലർച്ചെ മൂന്നിന് തുടങ്ങുന്ന പരിശീലനം രാത്രി ഒമ്പതുവരെ പ നീളും.
കണ്ണ് സാധകമാണ് ആദ്യം, പിന്നെ മെയ്യഭ്യാസം. തുടർന്ന് അരയിൽ കച്ചകെട്ടി പാദം മുതൽ മുഖം വരെ എണ്ണതേച്ചുള്ള കാൽസാധകം, തീവട്ടം കുടയൽ തുടങ്ങിയ അഭ്യാസങ്ങൾക്ക് ശേഷം ചവിട്ടിയുഴിച്ചിൽ നടക്കും. വ്രതശുദ്ധിയിലാണ് ദിവസവും അഭ്യാസം നടക്കുക. കളിയോഗം ആശാൻ പി.ശശിധരൻ, വേഷം ആശാന്മാരായ സി.സേതുമാധവൻ, എസ്.മാധവൻകുട്ടി, എ.മുരളീധരൻ, പാട്ട് വിഭാഗം ആശാന്മാരായ ഇ.ഉണ്ണികൃഷ്ണൻ, എം.കെ.ദിൽക്കുഷ്, ശുദ്ധമദ്ദളം ആശാൻ കെ.മണികണ്ഠൻ, തൊപ്പിമദ്ദളം ആശാൻ കെ.ഗോവിന്ദൻകുട്ടി എന്നിവരാണ് നേതൃത്വം നൽകുന്നത്. അണിയറയിൽ കോപ്പു പണികൾ ചുട്ടി വിഭാഗം ആശാൻ കെ.ടി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.