civic-chandran

കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തു. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഇതോടെ സിവിക്കിനെതിരെയുള്ള പീഡനക്കേസുകളുടെ എണ്ണം രണ്ടായി. എഴുത്തുകാരൻ ഒളിവിൽ തുടരുകയാണ്. സിവിക് സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

ആദ്യ പീഡനപരാതിയെത്തുടർന്ന് സിവിക് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരിക്കുകയാണ്.

അതേസമയം, സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിച്ചില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു. സാംസ്‌കാരിക പ്രവർത്തകർ അടക്കം നൂറ് പേർ ചേർന്ന് സിവിക്കിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.