
മുംബയ്: തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച യുവതി മരിച്ചു. മുംബയ് മലാദിലെ പാസ്കൽ വാദിയിലാണ് സംഭവം നടന്നത്. എലി വിഷം ചേർത്ത തക്കാളിയാണ് യുവതി അബദ്ധത്തിൽ നൂഡിൽസിൽ ചേർത്തത്.
രേഖ നിഷാദ് (27) ആണ് മരിച്ചത്. വീട്ടിലെ എലി ശല്യത്തെത്തുടർന്ന് എലികളെ കൊല്ലുന്നതിനായി രേഖ തക്കാളിയിൽ വിഷം ചേർത്ത് വച്ചിരുന്നു. പിറ്റേ ദിവസം വീട്ടിൽ നൂഡിൽസുണ്ടാക്കിയപ്പോൾ അബദ്ധത്തിൽ എലിവിഷം അടങ്ങിയ തക്കാളി ചേർത്തു. ഇത് കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ചയാണ് യുവതി മരിച്ചത്.
ഭർത്താവിനും സഹോദരനും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. കേസിൽ ദുരൂഹതയൊന്നുമില്ലെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കി. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.