
കെ.സി. എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന എൻ.പരമേശ്വരൻ അന്തരിച്ചിട്ട് ഇന്ന് 53 വർഷം. ഇന്ന് അദ്ദേഹത്തിന്റെ 127 ാം ജന്മദിനവുമാണ്. കൊല്ലത്തിന്റെ വികസനത്തിനായി പല ജനകീയ സമരങ്ങൾക്കും നേതൃത്വം നൽകിയിരുന്നു അദ്ദേഹം. പി.എസ്.റാവു അഡ്മിനിസ്‌ട്രേറ്ററായിരുന്ന സമയത്ത് കൊല്ലം കന്റോൺമെന്റ് മൈതാനം പൊലീസ് ക്വാർട്ടേഴ്സിനുവേണ്ടി ഏറ്റെടുക്കാൻ അധികാരികൾ രംഗത്തുവന്നപ്പോൾ അതിനെതിരെ കായികപ്രേമികളെയും യുവാക്കളെയും സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി വിജയിച്ചു. കൊല്ലം പോർട്ട് വികസനത്തിനും മത്സ്യമേഖലയിലുള്ളവരുടെ ക്ഷേമത്തിനുമായി കെ.സി നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണ്.
എ.ഐ.ടി.യു.സി.യ്ക്ക് കീഴിൽ പോർട്ട് വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചു. കൊല്ലം നഗരത്തിലെ പഴയ തോമസ് സ്റ്റീഫൻ കമ്പനി വക ഓഫീസ് കെട്ടിടത്തിന് വടക്ക് കൊച്ചു മേസ്തിരിയുടെ കെട്ടിടത്തിൽ കെ.സി.യും അന്നത്തെ പ്രമാണിമാരും സായാഹ്നവേളകളിൽ ഒത്തുകൂടുമായിരുന്നു. പിന്നീടിത് ഈഴവ ക്ലബ്ബായി രജിസ്റ്റർചെയ്ത് സർക്കാരിൽ നിന്നും രണ്ടേക്കർ സ്ഥലം പതിച്ചുവാങ്ങി. അവിടെ നിർമ്മിച്ച കെട്ടിടമാണ് ഇന്നത്തെ എസ്.എൻ. ട്രസ്റ്റ് ഓഫീസ്. സി.കേശവൻ, പ്രാക്കുളം ഭാസി തുടങ്ങിയവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കെ.സി. വഹിച്ച പങ്ക് ചരിത്രത്തിലുണ്ട്. ആർ.ശങ്കർ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചപ്പോൾ കെ.സി.യാണ് ആർ.ശങ്കറെ കോൺഗ്രസ്സിലേക്ക് മടക്കികൊണ്ടുവന്നത്. കെ.സി.യുടെ അവസരോചിതമായ ഇടപെടൽ ശങ്കറെ മുഖ്യമന്ത്രി പദത്തിലെത്തിക്കുന്നതിലും പങ്ക് വഹിച്ചു. സി.വി.കുഞ്ഞുരാമൻ , കെ.ദാമോദരൻ എന്നിവരുടെ പ്രോത്സാഹനം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. ലാൽബഹദൂർ സ്റ്റേഡിയത്തിന്റെ പിറവിക്ക് പിന്നിൽ കെ.സിയുടെ അക്ഷീണപ്രയത്നമുണ്ടായിരുന്നു.
കൊല്ലവർഷം 1091 ൽ തിരുവിതാംകൂർ സർവീസിൽ പ്രവേശിച്ച അദ്ദേഹം 1097 ൽ ഫോറസ്റ്റ് കോളേജ് പഠനത്തിനുശേഷം വനംവകുപ്പിൽ ഫോറസ്റ്ററായും റെയ്ഞ്ചറായും സേവനമനുഷ്ഠിച്ചു . ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം വനമേഖലയിൽ സഞ്ചരിച്ച് നേർകാഴ്ചകൾ ഒപ്പിയെടുത്ത അദ്ദേഹം അവ പുറംലോകത്തിന് പരിചയപ്പെടുത്താൻ കേരളകൗമുദി ഉൾപ്പെടെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പിൽക്കാലത്ത് വനസ്മരണകൾ, വനയക്ഷിയുടെ ബലിമൃഗങ്ങൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. രണ്ടു കൃതികളും ജോസഫ് മുണ്ടശ്ശേരി, പനമ്പള്ളി ഗോവിന്ദമേനോൻ, ഇ.എം.എസ്. എന്നിവരുടെ മന്ത്രിസഭാകാലത്ത് വിദ്യാർത്ഥികൾക്ക് ഉപപാഠപുസ്തകമായി നൽകി . ഈ കൃതികൾ പ്രഭാത് ബുക്ക് ഹൗസ് വഴി ലഭ്യമാണ്.
1999 ൽ കെ.സി. സ്മാരക സാംസ്‌കാരിക സമിതി രൂപീകരിക്കപ്പെട്ടു. വനംവകുപ്പുമായി ചേർന്ന് പ്രത്യേക വിശേഷ ദിവസങ്ങളിൽ വനം സന്ദർശനവും ചരിത്ര - ഗവേഷക വിദ്യാർത്ഥികൾ, പ്രകൃതി സ്‌നേഹികൾ എന്നിവർക്കായി വനമഹോത്സവം പോലെയുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് . മുൻ വനം വകുപ്പ് മന്ത്രി കെ. രാജു നെടുങ്ങല്ലൂർ പച്ച സന്ദർശിച്ച് നെടുങ്ങല്ലൂർ പച്ച വനമേഖല എന്ന കമാനം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം ടൗണിൽ കെ.സി.സ്മാരകം നിർമ്മിക്കുകയും കൃതികൾ സ്‌കൂൾ കോളേജ് തലത്തിൽ പാഠ്യവിഷയമാക്കുകയും വേണം.
കെ.സി.ക്കുവേണ്ടി ' വനസ്മരണകൾ എന്ന പേരിൽ കൊല്ലം കൊച്ചുപിലാംമൂട്ടിൽ പ്രവർത്തിക്കുന്ന താത്കാലിക കേന്ദ്രം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് , പഠനോപകരണ വിതരണം , ലൈബ്രറി , എന്നീ പ്രവർത്തനങ്ങളും നെടുങ്ങല്ലൂർ പച്ച വനയാത്രാ സമിതിയുമായി ചേർന്ന് വർഷംതോറും വനയാത്രയും സംഘടിപ്പിക്കുന്നു . കെ സി.ക്കായി ഉചിതമായ സ്മാരകം കൊല്ലത്ത് വേണമെന്ന് ബന്ധപ്പെട്ടവരോട് സമിതികൾ ആവശ്യപ്പെടുന്നു.
(കൊല്ലം കെ.സി.സ്മാരക സാംസ്‌കാരിക കേന്ദ്രം സെക്രട്ടറിയും ടൂറിസം മുൻ അസി.ഇൻഫർമേഷൻ ഓഫീസറുമാണ് ലേഖകൻ. ഫോൺ : 9846041267 )