
ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ബുള്ളറ്റിൽ ചുറ്റിക്കറങ്ങിയ സഞ്ചാരി, ആകാശവാണിയിൽ ആർ.ജെ, ഫോട്ടോഗ്രാഫർ, വിശേഷണങ്ങൾ അനവധിയാണ് അംബിക കൃഷ്ണയ്ക്ക്. 1996ൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വർഷം ഭർത്താവ് ശിവരാജ് ഹരിഹരൻ ബൈക്കപകടത്തിൽ മരിക്കുമ്പോൾ അംബികയ്ക്ക് വയസ് പത്തൊൻപത്. അന്ന് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കൈ കുഞ്ഞിനെയും കൊണ്ട് തുടങ്ങിയ ജീവിതയാത്രയാണ് ഇന്ന് വിജയപാതയിലൂടെ ഒരു ബുള്ളറ്റ് വേഗത്തിൽ പായുന്നത്. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ബോദ്ധ്യമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ പൊരുതിനിൽക്കാൻ അംബികയെ പ്രാപ്തയാക്കിയത്. ആഴ്ചകൾക്ക് മുൻപാണ് വീരമൃത്യു വരിച്ച സൈനികർക്കും അവരുടെ ഭാര്യമാർക്കും സമർപ്പിച്ചുകൊണ്ട് ഡ്രീം ലോഡഡ് വിത്ത് ബുള്ളറ്റെന്ന നൂറ് ദിന ഇന്ത്യൻ യാത്ര അവർ പൂർത്തിയാക്കിയത്. കൊച്ചിയിൽ നിന്നാരംഭിച്ച് 17 സംസ്ഥാനങ്ങളിലൂടെ യാത്ര പൂർത്തിയാക്കിയപ്പോൾ അംബിക സഞ്ചരിച്ച ദൂരം 12,000 കി.മി. അംബികയുടെ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 33 ആകാശവാണി കേന്ദ്രങ്ങളാണ് പിന്നിട്ടത്.
ജീവിതത്തിൽ തനിച്ചായ സ്ത്രീകൾക്ക് പ്രചോദനമാണ് അവരുടെ ജീവിതം. പൊരുതി മുന്നേറുമ്പോൾ ചുറ്റുപാടുകളിൽ നിന്ന് നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളും കുത്തുവാക്കുകളുമെല്ലാം ഏറ്റുവാങ്ങിത്തന്നെയാണ് അംബികയും മുന്നോട്ടുപോയത്. സമൂഹം എത്ര പിന്നോട്ട് വലിച്ചുവോ പതിന്മടങ്ങ് കരുത്തോടെ അവർ മുന്നോട്ട് കുതിച്ചു. ബൈക്ക് റൈഡിംഗ് പഠിക്കുമ്പോഴും ഫോട്ടോഗ്രഫിക്ക് പിറകെ പോയപ്പോഴുമെല്ലാം കുറ്റപ്പെടുത്തിയവരേറെ. അതൊന്നും സ്വപ്നങ്ങളെ പിന്തുടരാൻ അംബികയ്ക്ക് തടസ്സമായില്ല. വിധവകളോടും ജീവിതത്തിൽ തനിച്ചായ സ്ത്രീകളോടും അംബികയ്ക്ക് പറയാനുള്ളതും ഇതുതന്നെ. മറ്റുള്ളവർ പറയുന്നത് കേട്ട് തളർന്നിരിക്കാനുള്ളതല്ല ജീവിതം. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീകൾ തയ്യാറാവണം. പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും മനോധൈര്യത്തിലൂടെയും മാത്രമേ അത് സാദ്ധ്യമാകൂ.
19 ആം വയസ്സിൽ ലഭിക്കേണ്ട വിദ്യാഭ്യാസമോ അനുകൂല ജീവിത സാഹചര്യമോ ഇല്ലാത്ത സമയത്താണ് ഭർത്താവിന്റെ അകാല മരണം. 46ാം വയസിലെത്തിനിൽക്കുമ്പോൾ അമ്മയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും അഭിമാനമാണ് ഈ തൃപ്പുണിത്തുറ സ്വദേശിക്ക്. ഏകമകൾ ആര്യ ഇൻഫോസിസിൽ ഡിസൈനറായി ജോലി ചെയ്യുന്നു.
മരണം ഏൽപ്പിച്ച ആഘാതം, തളരാതെ മുന്നോട്ട് ...
ഡൽഹി സെൻട്രൽ എയർമാൻ സിലക്‌ഷൻ ബോർഡിൽ എയർമാനായി ജോലി നോക്കുമ്പോഴാണ് ഭർത്താവ് ശിവരാജിന്റെ മരണം. അംബികയെയും മകൾ ആര്യയെയും ഡൽഹിയിലെത്തിക്കാൻ ടിക്കറ്റ് റിസർവ് ചെയ്യാൻ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 19 -ാം വയസ്സിൽ .സിംഗിൾ പേരന്റെന്ന വലിയ ഉത്തവാദിത്വം മുന്നിലുണ്ടെന്ന തിരിച്ചറിവ് അംബികയെ മുന്നോട്ട് നയിച്ചു. ലൂചിപ് കൺസ്ട്രക്ഷൻസിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റായി ജോലി ചെയ്തുകൊണ്ട് ബികോം പഠനം. പിന്നീട് കൊച്ചിൻ ചാപ്റ്ററിൽ കോസ്റ്റ് അക്കൗണ്ടിംഗിൽ ഇന്ററും പൂർത്തിയാക്കി. അതേവർഷം ആകാശവാണിയിൽ ആർ.ജെയായി .പിന്നീടങ്ങോട്ടുള്ള ജീവിതം സ്വയം സ്ഫുടം ചെയ്തെടുക്കുകയായിരുന്നു.ഫോട്ടോഗ്രാഫിയിലും അസോഷ്യേറ്റ് ഡയറക്ടറായി സിനിമ മേഖലയിലും അംബിക കഴിവ് തെളിയിച്ചിട്ടുണ്ട്.
ആകാശവാണി ജീവിതത്തിലെ വലിയ വഴിത്തിരിവ്...
'എന്നെ ഞാനാക്കി മാറ്റിയത് ആകാശവാണിയാണ് '13 വർഷമായി കൊച്ചി ആകാശവാണി റെയിൻബോയിലെ ആർ.ജെയായി പ്രവർത്തിക്കുന്ന അംബിക പറയുന്നു. പലതും പഠിക്കാനും പല മനുഷ്യരെ കാണാനും സാധിച്ചത് ആകാശവാണിയിലൂടെയാണ്. അത്തരം അനുഭവങ്ങൾ നൽകിയ പോസിറ്റിവിറ്റിയാണ് ഇവിടെ വരെയെത്തിച്ചത്. ആകാശവാണി ഡൽഹിയിൽ നിന്ന് ബ്രോഡ്കാസ്റ്റ് ചെയ്ത സന്ദേശ് ടു സോൾഡിയേർസ് എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുക്കവെയാണ് സൈനികർക്ക് വേണ്ടി ഒരു യാത്ര നടത്തണമെന്ന ആശയം തോന്നിയത്.അങ്ങനെ ഏപ്രിൽ 11 ന് കൊച്ചി കളക്ടർ ജാഫർ മാലിക് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചെയ്തു.
ബൈക്ക്,യാത്ര ജീവിതത്തിലെ ലഹരി...
20 വർഷത്തോളമായി ബൈക്ക് ഓടിക്കുമായിരുന്നെങ്കിലും 2018 ലാണ് സ്വന്തമായി റോയൽ ഇൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കിയത്. അച്ഛന് വർക്ക്ഷോപ്പ് ജോലിയായതിനാൽ വാഹനങ്ങളോട് വല്ലാത്ത താൽപ്പര്യമായിരുന്നു. ജോലിയുടെ ഭാഗമായും അല്ലാതെയും ബുള്ളറ്റിൽ കേരളം മുഴുവൻ സഞ്ചരിച്ചു. ഇത്തരം യാത്രകൾ നൽകുന്ന എനർജിയും ആത്മവിശ്വാസവും വേറെ തന്നെയാണ്. ഇത്തരം യാത്രകൾ തന്നെയാണ് യഥാർത്ഥ ഊർജ്ജം.
വെല്ലുവിളികളേറെ...
ബുള്ളറ്റ് യാത്ര തിരിച്ച നാലാം ദിവസം കൽപ്പാക്കത്ത് വച്ച് വീണ് കാലിന് സാരമായി പരിക്കേറ്റു. 47 ദിവസം കൊണ്ട് തീരേണ്ട യാത്രയ്ക്ക് 100 ദിവസമെടുത്തു. 21 ദിവസത്തെ ചികിത്സയിൽ കുടുംബക്കാരടക്കം കുറ്റപ്പെടുത്തി. യാത്ര തുടരേണ്ടന്ന് ഡോക്ടറും അടുപ്പമുള്ളവരും നിർദേശിച്ചെങ്കിലും മടങ്ങിപ്പോക്ക് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. കാൽ വരിഞ്ഞുകെട്ടി പരിക്കുകളെ അതിജീവിച്ച് ആത്മധൈര്യത്തോടെ യാത്ര തുടർന്നു. അസാമിലെ ഗുവാഹട്ടിയിലെത്തിയപ്പോൾ ആഞ്ഞടിച്ച ഹസാനി ചുഴലിക്കാറ്റായിരുന്നു അടുത്ത വെല്ലുവിളി. റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങുകയും റോഡരികിൽ സ്ഥാപിച്ചിരുന്ന റൂട്ട് ബോർഡുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. ഗൂഗിൾ മാപ്പിലും റൂട്ടിൽ റെഡ് അലേർട്ട് മാത്രം. പ്രദേശവാസികളുടെ സഹായത്തോടെയാണ് യാത്ര തുടർന്നത്. സൂറത്തിൽ നിന്നും മുംബയ് വരെയുള്ള പത്ത് മണിക്കൂർ യാത്രയും നിറയെ വെല്ലുവിളികളായിരുന്നു. പ്രളയം കാരണം റോഡെല്ലാം സ്തംഭിച്ചിരുന്നു. റോഡുകളിൽ വലിയ ഗർത്തങ്ങൾ . വാഹനങ്ങൾ കടന്നു പോകാൻ പോലും ബുദ്ധിമുട്ടി.
അടുത്ത സ്വപ്നം
മനോധൈര്യവും ആത്മവിശ്വാസവുമുണ്ടായാൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാം. മതിയായ തയ്യാറെടുപ്പുകളും സുരക്ഷിതമായ ഇടങ്ങളും കണ്ടെത്തണം. എന്റെ ഈ യാത്ര ഒരു തുടക്കം മാത്രമാണ്.വീരമൃത്യു അടഞ്ഞ സൈനികരുടെ ഭാര്യമാർക്ക് വേണ്ടിയാണ് അടുത്ത യാത്ര.അവരെയെല്ലാം നേരിൽക്കണ്ട് സംസാരിക്കണം ,തളർന്നു പോയവർക്ക് പ്രചോദനം നൽകണം. കുറഞ്ഞത് ആറ് മാസത്തിനു ശേഷമേ യാത്ര ആരംഭിക്കാൻ കഴിയൂ. തയ്യാറാകുന്ന സമാനചിന്താഗതിയുള്ള സ്ത്രീകളെയും കൂടെ കൂട്ടണമെന്നാണ് ആഗ്രഹം- അംബിക പറഞ്ഞു.