
തന്റെ ഉദരത്തിൽ പിറന്ന മകൻ ഭരതനേക്കാൾ, സ്‌നേഹമായിരുന്നു കൈകേയിയ്ക്ക് ശ്രീരാമനോട്. ആ സ്‌നേഹത്തിന് അളവോ പരിധിയോ ഇല്ലായിരുന്നു. കൗസല്യ,സുമിത്ര, കൈകേയി എന്നീ മൂവരെയും ശ്രീരാമൻ തുല്യരായിക്കണ്ട് ഭക്തിപൂർവം സ്‌നേഹിച്ചു. ശ്രീരാമന് പട്ടാഭിഷേകം എന്നറിഞ്ഞമാത്രയിൽത്തന്നെ ആഹ്ലാദംകൊണ്ടു മതിമറന്നുപോയി, കൈകേയി. മന്ഥരയുടെ നാവിൽനിന്നും ആ വിവരം അറിഞ്ഞയുടൻ ക്ഷണത്തിൽ തന്റെ വിലമതിയ്ക്കാനാവാത്ത
മുത്തുമാലയൂരി മന്ഥരയ്ക്ക് നല്കി. തന്റെ പുത്രൻ ഭരതൻ ശ്രീരാമനോട് എത്രമാത്രം ഉൽക്കടമായ സ്‌നേഹം പുലർത്തുന്നുവെന്ന് അറിയാത്തയാളല്ല കൈകേയി. ഏതു സാഹചര്യമായാലും ഭരതൻ കിരീടം സ്വീകരിയ്ക്കുകയില്ലെന്നതും അറിയാം. എന്നിട്ടും എന്തിനു രാമനെ വനവാസത്തിനയച്ചു ? അത്തരമൊരു തീരുമാനമെടുത്തു? പഴിചുമത്തപ്പെട്ടവളായി ,അപവാദ ശരവ്യയായി –പരിഹാസപാത്രമായി മാറിയതെന്തിന് ?!
ദശരഥചക്രവർത്തി ദേവന്മാരെ സഹായിക്കാനായി യുദ്ധം ചെയ്യവേ, തേർച്ചക്രത്തിന്റെ കടയാണി ഊരിപ്പോയപ്പോൾ ഞൊടിയിടയിൽ തന്റെ കൈവിരൽ നിക്ഷേപിച്ച് യുദ്ധാവസാനം വരെ കൈകേയി ദശരഥനെ സംരക്ഷിച്ചു. യുദ്ധാനന്തരം ഇതെല്ലാമറിഞ്ഞ ദശരഥൻ ഇഷ്ടമുള്ള രണ്ടുവരങ്ങൾ ഇഷ്ടമുള്ളപ്പോൾ ചോദിച്ചു കൊള്ളുവാൻ കൈകേയിയെ അനുഗ്രഹിച്ചു. കൊച്ചുകുട്ടിയായിരുന്ന വേളയിൽ കൈകേയി കളിച്ചുകൊണ്ടിരിയ്ക്കവേ, ഒരു മഹർഷിയുടെ മുഖത്ത് കരിവാരിത്തേച്ചു. നിഷ്‌കളങ്കമായി ചെയ്തതാണെങ്കിലും, മഹർഷി : "അപവാദംകൊണ്ട് ഒരുകാലത്ത് നിന്റെ മുഖത്ത് ആരും നോക്കാതാവട്ടെ" എന്ന് ശപിച്ചു. കാര്യഗൗരവമൊന്നുമറിയാത്ത കുട്ടി, മഹർഷി പോകാൻ തുടങ്ങുമ്പോൾ സ്‌നേഹപൂർവം ഇടതുകൈകൊണ്ട് അദ്ദേഹത്തിന്റെ ഊന്നുവടിയെടുത്തു നൽകി. ഇടതുകൈകൊണ്ട് കൊടുത്തതിൽ അനിഷ്ടം തോന്നിയ മഹർഷി "നിന്റെ ഇടതുകൈ ഇരുമ്പുദണ്ഡുപോലെ ഉറച്ചതാകട്ടെ" എന്ന് വീണ്ടും ശപിച്ചു. ഈ സംഭവങ്ങളൊന്നും ദശരഥനുമറിഞ്ഞിരുന്നില്ല. ഉർവശീശാപം ഉപകാരമെന്നപോലെ യുദ്ധമുഖത്ത് അതനുഗ്രഹമായി! അടുത്ത പതിന്നാലുവർഷം കോസലരാജ്യത്തിന് ചക്രവർത്തിമാർ ഉണ്ടായിരിക്കുകയില്ലെന്നും അഥവാ ആ പതിന്നാലുവർഷം ആര് ചക്രവർത്തിയായിരുന്നാലും ജീവന് അപകടമുണ്ടാകുമെന്നും കൊട്ടാരം ജ്യോതിഷികളിൽ നിന്നും രഹസ്യമായി കൈകേയി മനസിലാക്കിയിരുന്നു.
അഞ്ചുഗ്രഹങ്ങൾ ഉച്ചത്തിലാണെങ്കിലും ശ്രീരാമൻ, ചക്രവർത്തിപദത്തിൽ സുഖമായി വാഴുകയില്ലെന്നു മനസ്സിലാക്കിയ കൈകേയി, തന്റെ വാത്സല്യനിധിയായ ശ്രീരാമനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ തീരുമാനിച്ചുറച്ചു. തനിയ്ക്ക് ലഭ്യമാക്കേണ്ട രണ്ടുവരങ്ങളിൽ, ഒന്ന് ഭരതനെ വാഴിയ്ക്കയെന്നതും മറ്റൊന്ന് രഘുരാമനെ വനത്തിൽ അയയ്‌ക്കുക എന്നതും ദശരഥരാജനിൽ നിന്നും സ്വീകാര്യമാക്കി.
ഈ പതിന്നാലുവത്സരവും കോസല രാജ്യത്തിന് ചക്രവർത്തിമാർ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്നതും ഭരതൻ തന്റെ ദേവതുല്യനായ ജ്യേഷ്ഠന്റെ ദിവ്യപാദുകങ്ങൾ ഭക്തിപൂർവം നന്ദിഗ്രാമിൽവച്ച് പൂജിച്ചുകൊണ്ട് ഭരണകാര്യങ്ങൾ നിറവേറ്റുകയും ചെയ്തുവെന്നത് ചിന്തനീയമാണ്. ശ്രീരാമന്റെ ജീവന്
അപകടമൊന്നും സംഭവിയ്ക്കരുതെന്നു കരുതി തന്റെ ഏറ്റവും വിശ്വസ്ത
യായ മന്ഥരയെ ഉപയോഗിക്കുകയായിരുന്നു കൈകേയി. എന്ന് മാത്രമല്ല, ശ്രീസരസ്വതിയുടെ അവതാരമായി വിവക്ഷിക്കപ്പെടുന്ന കൈകേയി, ശ്രീരാമാവതാരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാധിതമാക്കുന്നതിനു കൂടിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിർന്നത്.