
മോഹൻലാൽ സംവിധായകനാവുന്ന ബറോസ് എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ.ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പാക്കപ്പ് ആയി. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ബറോസ് ടീമിന് ഒപ്പമുള്ള ചിത്രവും പങ്കുവച്ചു. മോഹൻലാൽ പങ്കുവച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലിനെയും കാണാം. പ്രണവ് കാമറയുടെ മുന്നിലാണോ പിന്നിലാണോ എന്നു അറിയാനുള്ള ആകാംക്ഷയിലായി തുടർന്ന് ആരാധകർ.ത്രിമാന സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ബറോസ് 400 വർഷം പഴക്കമുള്ള ഭൂതത്തിന്റെ കഥയാണ് പറയുന്നത്.
ഇന്റർനാഷണൽ പ്ളാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോവുന്നത്. രണ്ടു ഗെറ്റപ്പിലാണ് മോഹൻലാൽ ബറോസിൽ പ്രത്യക്ഷപ്പെടുന്നത്. വാസ്കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറു വർഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.
നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിൽ എത്തുന്നതാണ് സിനിമയുടെ പ്രമേയം. വിദേശ നടി പാസ്വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്.
മൈഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.