
ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി പൊൻ പ്രഭയിൽ മീരാബായി ചാനു. ഇന്നലെ ഭാരോദ്വഹനത്തിലെ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ ചാനു ഗെയിംസ് റെക്കാഡോടെ സ്വർണം നിലനിറുത്തി. സ്നാച്ചിൽ 88 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കാഡ് കുറിച്ച ചാനു ക്ലീൻ ആൻഡ് ജെർക്കിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ തവണ 48 കിലോഗ്രാമിൽ സ്വർണം നേടിയ ചാനു ടോക്യോ ഒളിമ്പിക്സിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
ഭാരോദ്വഹനത്തിൽ പുരുഷൻമാരുടെ 55 കിലോഗ്രാമിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗർ വെള്ളി നേടിയപ്പോൾ 61 കിലോഗ്രാമിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. ആകെ 248 കിലോ ഉയർത്തിയാണ് സർഗർ വെള്ളി സ്വന്തമാക്കി, ഇന്ത്യയ്ക്ക് 22-ാം കോമൺവെൽത്ത് ഗെയിംസിലെ ആദ്യത്തെ മെഡൽ സമ്മാനിച്ചത്. ഒരേ ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് 21 കാരനായ സങ്കേതിന് സ്വർണം നഷ്ടമായത്. ക്ലീൻ ആൻഡ് ജെർക്കിലെ രണ്ടാമത്തെ ശ്രമത്തിൽ വലത്തേ കൈമുട്ടിന് പരിക്കേറ്റതാണ് സങ്കേതിന് തിരിച്ചടിയായത്. ഗുരുരാജ പൂജാരി 269 കിലോയാണ് ഉയർത്തിയത്. ഇന്ത്യയുടെ ആദ്യ മൂന്ന് മെഡലുകളും ഭാരോദ്വഹനത്തിൽ നിന്നായി.
അതേസമയം തമിഴ് നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ഓപ്പൺ വിഭാഗത്തിലെ മൂന്ന് ടീമുകളും വനിതാ ടീമുകളും ഇന്നലേയും ജയം തുടർന്നു. മലയാളി താരം എസ്.എൽ നാരായണൻ ഉൾപ്പെട്ട എ ടീം മാൾഡോവയ്ക്കെതിരെ മൂന്നരപ്പോയിന്റാണ് നേടിയത്.