pic

ടെൽ അവീവ് : ഇസ്രയേലി ദിനപത്രമായ ഹാരെറ്റ്‌സിലെ സിനിമാ നിരൂപകൻ യൂറി ക്ലെയ്‌ൻ (76) അന്തരിച്ചു. 35 വർഷമായി ഹാരെറ്റ്‌സിൽ പ്രവർത്തിച്ച ക്ലെയ്‌‌ൻ ഇസ്രയേലിലെ പ്രശസ്ത സിനിമാ മാസികയായ ' ക്ലോസ്-അപ്പി'ന്റെ സഹസ്ഥാപകനാണ്. അണുബാധ ബാധിച്ച് അവയവങ്ങൾ തകരാറിലായതോടെ വെള്ളിയാഴ്ചയായിരുന്നു മരണം.

1987 മുതൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ക്ലെയ്‌‌ൻ 2007ൽ ഇസ്രയേലിൽ മാദ്ധ്യമ പ്രവർത്തനത്തിലെ മികവിന് ലഭിക്കുന്ന സൊകൊലോവ് പ്രൈസിന് അർഹനായി. 2015ലെ ജെറുസലേം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. യൂണിവേഴ്സിറ്റി പഠനകാലത്താണ് സുഹൃത്തുക്കൾക്കൊപ്പം ക്ലെയ്‌‌ൻ ക്ലോസ്-അപ്പിന് തുടക്കമിട്ടത്.

1946ൽ ടെൽ അവീവിലാണ് ക്ലെയ്ന്റെ ജനനം. ജെറുസലേമിലെ ഹിബ്റു യൂണിവേഴ്സി​റ്റിയിൽ ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യം എന്നിവ പഠിച്ച ക്ലെയ്ൻ ടെൽ അവീവ് യൂണിവേഴ്സി​റ്റിയിലെ സ്​റ്റീവ് ടിഷ് സ്‌കൂൾ ഒഫ് ഫിലിം ആൻഡ് ടെലിവിഷനിൽ സിനിമാ പഠനത്തിന് ചേർന്നു. ന്യൂയോർക്ക് യൂണിവേഴ്സി​റ്റിയിലും സിനിമാ പഠനം നടത്തി. പിന്നീട് ടെൽ അവീവ് യൂണിവേഴ്സി​റ്റിയിലടക്കം ചലച്ചിത്ര സിദ്ധാന്തവും ചരിത്രവും പഠിപ്പിച്ചു. ഇർമയാണ് ഭാര്യ.