flood

ഫ്രാങ്ക്‌ഫർട്ട് : യു.എസിൽ കിഴക്കൻ കെന്റക്കിയിലെ അപ്പലേച്ചീയ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 25 മരണം. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. മരിച്ചവരിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ ആറ് കുട്ടികളുമുണ്ട്. ബോട്ട്, ഹെലികോപ്റ്റർ മാർഗം നിരവധി പേരെ രക്ഷിച്ചു. കാണാതായവരുടെ കണക്ക് കൃത്യമല്ല. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് 33,000ത്തോളം പേർക്ക് വൈദ്യുതി ലഭ്യമല്ല. പലർക്കും മതിയായ ഭക്ഷണവും ലഭിക്കുന്നില്ലെന്നാണ് വിവരം. പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. 20 വർഷത്തിനിടെ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ബുധനാഴ്ച മുതൽ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. പെറി, നോട്ട് കൗണ്ടികളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. സമീപ പ്രദേശങ്ങളായ വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ ചിലയിടത്തും നേരിയ തോതിൽ വെള്ളം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടർന്നേക്കും. കഴിഞ്ഞ ആഴ്ചകളിൽ ശക്തമായ ചൂടായിരുന്നു കെന്റക്കിയിൽ അനുഭവപ്പെട്ടിരുന്നത്.