
ബാഗ്ദാദ് : ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇറാഖ് പാർലമെന്റ് കൈയ്യേറി പ്രതിഷേധക്കാർ. രാജ്യത്തെ ഷിയാ നേതാവ് മുഖ്തദ അൽ സദ്‌റിന്റെ ആയിരക്കണക്കിന് അനുയായികളാണ് ഇന്നലെ ബാഗ്ദാദിൽ സ്ഥിതിചെയ്യുന്ന പാർലമെന്റിലേക്ക് ഇരച്ചുകയറിയത്. ഏകദേശം 120 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 25 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ആറ് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തിരഞ്ഞെടുക്കിൽ അൽ സദ്‌റിന്റെ വിഭാഗം പാർലമെന്റിൽ വലിയ കക്ഷിയായിട്ടും ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. ഇറാൻ അനുകൂല പാർട്ടി അംഗമായ മുഹമ്മദ് ഷിയ അൽ - സുഡാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്ത് ഇത്രയും നാൾ സുസ്ഥിര സർക്കാരിനായി തുടർന്ന് വന്ന അനിശ്ചിതത്വത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കവെ അൽ സദ്‌റിന്റെ അനുയായികൾ രംഗത്തെത്തുകയായിരുന്നു. സുഡാനി അഴിമതിക്കാരനാണെന്ന് ഇവർ ആരോപിക്കുന്നു.
പതാകകളും ചിത്രങ്ങളുമായി പാർലമെന്റിലേക്ക് കടന്ന പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിച്ചു. സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും തടയാനായില്ല. സംഭവ സമയം, പാർലമെന്റിൽ എം.പിമാർ ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ചയും സമാന രീതിയിൽ അൽ സദ്‌റിന്റെ അനുയായികൾ പാർലമെന്റിന്റെ ഉള്ളിലേക്ക് കടന്നിരുന്നു.
പ്രതിഷേധക്കാർ സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത നിലവിലെ പ്രധാനമന്ത്രി മുസ്തഫ അൽ - കദിമി രാജ്യത്തെ പാർട്ടികളെ ചർച്ചയ്ക്ക് ക്ഷണിച്ചു. രാത്രി വൈകിയും പാർലമെന്റിലും സമീപത്ത് സർക്കാർ കെട്ടിടങ്ങളും എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ ഗ്രീൻ സോണിലും തുടർന്ന പ്രതിഷേധക്കാർ തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാതെ മടങ്ങില്ലെന്ന് അറിയിച്ചിരുന്നു.