
കോഴിക്കോട്: യുവ എഴുത്തുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ അടുത്തമാസം രണ്ടിന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാറാണ് പരാതിക്കാരിയുടെയും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിയത്. പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ ആക്രമണം തടയാനുള്ള നിയമം അനുസരിച്ച് കേസുള്ളപ്പോൾ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് യുവതിയുടെ അഭിഭാഷകർ വാദിച്ചു. സിവിക് ചന്ദ്രനെതിരെ മറ്റൊരു യുവതി നൽകിയ പരാതിയുടെ പ്രഥമവിവര റിപ്പോർട്ടും രഹസ്യരേഖകളും ഹാജരാക്കി.
എന്നാൽ ഇത്തരം കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകാമെന്ന് മുൻകാല വിധികൾ ചൂണ്ടിക്കാണിച്ച് പ്രതിഭാഗം വാദിച്ചു. പ്രതിക്കായി അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ, പരാതിക്കാരിക്ക് വേണ്ടി അഡ്വ. എം. അശോകൻ, അഡ്വ. ടി. ഷാജിത്, പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. ജയകുമാർ എന്നിവർ ഹാജരായി.
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി. 2020 ഫെബ്രുവരി 18 ന് നന്തി ബീച്ചിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കോഴിക്കോട്ടുകാരി കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കൊയിലാണ്ടി സി.ഐ എൻ. സുനിൽകുമാർ പരാതിക്കാരിയുടെ മൊഴി രേഖപ്പടുത്തി. നേരത്തെ കൊയിലാണ്ടിയിൽ വച്ച് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ സിവിക് ചന്ദ്രനെതിരെ കേസെടുത്തിരുന്നു. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.