
കീവ് : സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുക്രെയിനിലെ ഒഡേസ തുറമുഖത്ത് നിന്ന് ധാന്യങ്ങളുമായി 16 കപ്പലുകൾ ഉടൻ പുറപ്പെടാൻ തയാറെടുക്കുന്നു. യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും തുർക്കിയെയുമായുള്ള സുപ്രധാന കരാറുകളിൽ ജൂലായ് 22ന് റഷ്യയും യുക്രെയിനും ഒപ്പിട്ടിരുന്നു.
ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒഡേസ തുറമുഖം ലക്ഷ്യമാക്കി റഷ്യ ആക്രമണം നടത്തിയത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്ത് സംഭവിച്ചാലും ധാന്യക്കയറ്റുമതി പുനരാരംഭിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അറിയിച്ചിരുന്നു. 25 ദശലക്ഷം ടൺ ധാന്യം ആഫ്രിക്ക, മിഡിൽഈസ്റ്റ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുക.
സെലെൻസ്കി വെള്ളിയാഴ്ച ഒഡേസയിലെ ചെർനോമൊർസ്ക് പോർട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കരാർ പ്രകാരം യുക്രെയിൻ കപ്പലുകൾ ആക്രമിക്കില്ലെന്നാണ് റഷ്യ ധാരണയായത്. എന്നാൽ, കപ്പൽ പുറപ്പെട്ട ശേഷമേ ഇത് ഉറപ്പിക്കാനാകൂ എന്ന് യുക്രെയിൻ നിരീക്ഷകർ പറയുന്നു.
ജയിൽ സ്ഫോടനം : ആരോപണം നിഷേധിച്ച് യുക്രെയിൻ
ഡൊണെസ്കിലെ ഒലെനിവ്‌കയിൽ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിൽ യുക്രെയിൻ യുദ്ധത്തടവുകാരെ പാർപ്പിച്ച ജയിലിലെ സ്ഫോടനത്തിന്റെ പേരിൽ സംഘർഷങ്ങൾ തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് ധാന്യക്കയറ്റുമതിയ്ക്ക് നീക്കം. വെള്ളിയാഴ്ച ഒലെനിവ്‌കയിലെ ജയിലിന് നേരെ നടന്ന ആക്രമണത്തിൽ 50 ലേറെ പേരാണ് കൊല്ലപ്പെട്ടത്. യു.എസ് നിർമ്മിത ഹിമാർസ് മിസൈൽ സിസ്റ്റം ഉപയോഗിച്ച് യുക്രെയിൻ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം.
എന്നാൽ റഷ്യയാണ് ആക്രമണം നടത്തിയതെന്ന് യുക്രെയിൻ പറയുന്നു. സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. ജയിലിലെ സ്ഫോടനത്തിന്റെ കാരണം ശരിക്കും വ്യക്തമല്ല. മേയിൽ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് റഷ്യ പിടികൂടിയ യുക്രെയിൻ സൈനികരും മരിച്ചവരിൽ ഉൾപ്പെടുന്നു.
അതേ സമയം, കിഴക്കൻ യുക്രെയിനിലെ ഖാർക്കീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റഷ്യാ വിരുദ്ധ അജണ്ടയിൽ പ്രതിഷേധിച്ച് മാദ്ധ്യമ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം 31 ന്യൂസിലൻഡ് പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.