
തലശേരി: യുവ എൻജിനിയറായ ഏകമകൻ കിടപ്പുമുറിയിൽ തൂങ്ങമരിച്ചതു കണ്ടതിന്റെ ആഘാതത്തിൽ പിതാവ് കുഴഞ്ഞു വീണുമരിച്ചു. ധർമ്മടം മോസ് കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനും(24) പിതാവ് സദാനന്ദനുമാണ് (65) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയായിട്ടും കാണാത്തതിനെ തുടർന്ന് സദാനന്ദൻ മുകളിലത്തെ നിലയിലുള്ള മകന്റെ മുറിക്ക് മുന്നിലെത്തിയത്.
വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നിയ പിതാവ് വാതിൽ വെട്ടിപ്പൊളിച്ചു അകത്തേക്ക് കയറുകയായിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ ദർശൻ തൂങ്ങിനിൽക്കുന്നത് കണ്ടതിന്റെ ആഘാതത്തിൽ പിതാവ് കുഴഞ്ഞുവീഴുകയായിരുന്നു.
തലശേരി സാൻജോസ് സ്‌കൂളിൽ അദ്ധ്യാപികയായ സദാനന്ദന്റെ ഭാര്യ ടി.പി. ദീപ രാവിലെ ജോലിക്കായി പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സദാനന്ദന്റെ ജീവൻ രക്ഷിക്കാനായില്ല.
ബി. ടെക് ബിരുദധാരിയായ ദർശൻ നേരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെങ്കിലും കൊവിഡ് കാലത്ത് നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷം വീട്ടിൽ തന്നെ കഴിയുകയായിരുന്നു യുവാവ്. ഇരുവരുടെയും സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.