
തൃശൂര്‍ : തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. യു.എ.ഇയിൽ നിന്ന് 21നാണ് യുവാവ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് മൂന്നുദിവസം മുൻപ് യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിൽ കർശന നിബന്ധനകളോടെ മൃതദേഹം സംസ്കരിക്കാൻ നിർദ്ദേശം നൽകി.
ഇന്ത്യയിൽ ഇതുവരെ നാലുപേർക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.