death

റിയോ ഡി ജനീറോ : ബ്രസീലിയൻ ആമസോണിൽ ജാഗ്വാറിന്റെ ആക്രമണത്തിൽ പത്തുവയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ചയാണ് വടക്കൻ ബ്രസീലിലെ, ബ്രസിൽ നോവോ മേഖലയിൽ നിന്ന് ഡയർലിസം ഒലിവിയേര പയ്‌വ എന്ന കുട്ടിയെ കാണാതായത്. ഉച്ചതിരിഞ്ഞ് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം സമീപത്തെ വനമേഖലയിലെ കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു.

തിരികെ വരാൻ വൈകിയതോടെ കുട്ടിയുടെ പിതാവ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. വനത്തിൽ കുട്ടിയുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും രക്തവും കണ്ടെത്തിയതിന് പിന്നാലെ 50 മീറ്റർ അകലെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതീവ ദാരുണമായ ആക്രമണമാണ് കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മുഖം ജാഗ്വാർ കടിച്ചുകീറിയിരുന്നു. കുട്ടിയുടെ മൃതദേഹത്തിന് സമീപം ജാഗ്വാറിന്റെ കാൽപ്പാടുകളും നഖവും കണ്ടെത്തിയതോടെയാണ് കൊന്നത് ജാഗ്വാറാണെന്ന നിഗമനത്തിലെത്തിയത്. കുപിതരായ നാട്ടുകാർ ജാഗ്വാറിനെ കണ്ടെത്തി കൊന്നതായി റിപ്പോർട്ടുണ്ട്. വളരെ അപൂർവമായ ബ്ലാക്ക് ജാഗ്വാറിനെയാണ് നാട്ടുകാർ കൊന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 2015ലെ ഒരു റിപ്പോർട്ട് പ്രകാരം ലോകത്ത് 600 ഓളം ബ്ലാക്ക് ജാഗ്വാറുകൾ മാത്രമാണ് വനത്തിൽ ജീവിക്കുന്നത്.