
ബർമിംഗ്ഹാം : ഒളിമ്പിക്സിലെ വെള്ളി കോമൺവെൽത്ത് ഗെയിംസിൽ പൊന്നാക്കി മാറ്റിയ മീരബായി ചാനു ചരിത്രമെഴുതിയ കോമൺവെൽത്ത് ഗെയിംസിന്റെ 22-ാം പതിപ്പിന്റെ രണ്ടാം ദിനം ഇന്ത്യയുടെ അക്കൗണ്ടിൽ ഭാരോദ്വഹനത്തിൽ നിന്ന് എത്തിയത് മൂന്ന് മെഡലുകൾ. മീരാബായ് സ്വർണം നേടുന്നതിന് മുമ്പ് ഭാരോദ്വഹനത്തിൽ പുരുഷ വിഭാഗത്തിൽ സങ്കേത് സർഗറുടെ വെള്ളിയിലൂടെയും ഗുരുരാജിന്റെ വെങ്കലത്തിലൂടെയും മെഡൽ പട്ടികയിൽ ഇടം നേടിയ ഇന്ത്യ രണ്ടാം ദിനം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.
നീന്തലിൽ ശ്രീഹരി നടരാജ് 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഫൈനലിൽ എത്തി മിന്നിത്തിളങ്ങി.ബാഡ്മിന്റൺ മിക്സഡ് ടീം നോക്കൗട്ട് റൗണ്ടിൽ കടന്നു.വനിതാ ടേബിൾ ടെന്നിസ് ടീം ക്വാർട്ടറിൽ എത്തി. എന്നാൽ ക്വാർട്ടറിൽ തോറ്റു. സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ, സൗരവ് ഘോഷാൽ എന്നിവർ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ജയിച്ചു. ബോക്സിംഗിൽ ലൊവ്ലി ന ക്വാർട്ടറും ഹുസ്സാമുദ്ദിൻ മൊഹമ്മദ് പ്രീക്വാർട്ടറും ഉറപ്പിച്ചു. രാത്രി വൈകി ഇന്ത്യൻ വനിതാ ഹോക്കി ടീമിനും മത്സരമുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർ മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി എന്നിവർ ഉൾപ്പെടെയുള്ളവർ മെഡൽ ജേതാക്കളെ അഭിനന്ദിച്ചു.
അഭിമാനം മീരാ ബായ്
ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കാഡോടെയാണ് മീരബായ് ചാനു ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ഇത്തവണത്തെ ആദ്യ സ്വർണം ചേർത്തത്. ആകെ 201 കിലോ ഉയർത്തിയാണ് മീര സ്വർണം സ്വന്തമാക്കിയത്. 88 കിലോഗ്രാം ഉയർത്തി സ്നാച്ചിൽ ഗെയിംസ് റെക്കാഡ് കുറിച്ച മീര ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉയർത്തി ഗെയിംസ് റെക്കാഡ് സ്ഥാപിച്ചു. താരത്തിന്റെ രണ്ടാം കോമൺവെൽത്ത് സ്വർണമാണിത്.
പരിക്കെടുത്ത പൊന്ന്
സ്നാച്ചിൽ 113 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 135 കിലോയും ( ആകെ 248 കിലോ) ഉയർത്തിയാണ് സങ്കേത് സർഗാർ വെള്ളി നേടിയത്. വെള്ളി നേടിയെങ്കിലും ഒരേ ഒരു കിലോ ഗ്രാമിന്റെ കുറവിൽ പൊന്ന് വഴുതിപ്പോയതിന്റെ നിരാശ സങ്കേതിനുണ്ടായിരുന്നു.
ക്ലീൻ ആൻഡ് ജെർക്കിൽ ഗെയിംസ് റെക്കാഡ് കുറിച്ച മലേഷ്യയുടെ മൊഹമ്മദ് അനിഖ് ആണ് ഇരുവിഭാഗങ്ങളിലുമായി ആകെ 249 കിലോ ഉയർത്തി സ്വർണം സ്വന്തമാക്കിയത്. സ്നാച്ചിൽ 107കിലോ ഉയർത്തിയ അനിഖ് ക്ലീൻ ജെർക്കിൽ 142 കിലോ ഉയർത്തിയാണ് ഗെയിംസ് റെക്കാഡ് സ്ഥാപിച്ചത്. ശ്രീലങ്കയുടെ ദിലാങ്ക ഇസുരു കുമാരയ്ക്കാണ് (225 കിലോഗ്രാം) വെങ്കലം.
സ്നാച്ചിൽ ഒന്നാം സ്ഥാനത്തായിരുന്ന സങ്കേത് അവസാന നിമിഷം വരെ സ്വർണം ഉറപ്പിച്ചിരുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ രണ്ടാമത്തെ ശ്രമത്തിൽ 139 കിലോ ഗ്രാം ഉയർത്താൻ നോക്കുന്നതിനിടെയാണ് സങ്കേതിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റത്. മഹാരാഷ്ട്രയിലെ സംഗ്ലിയിൽ ചെറിയ പാൻഷോപ്പും ചായക്കടയും നടത്തുന്ന മഹാദേവ് അനന്ദ സർഗറുടേയും രാജശ്രീയുടേയും മകനായ സങ്കേത് 13 വയസുമുതലാണ് ഭാരോദ്വഹനത്തിലേക്ക് എത്തുന്നത്.
ഗംഭീരം ഗുരുരാജ
അടുത്തയിടെ പരിക്കിന്റെയും സുഖമില്ലായ്മയുടേയും പിടിയിലായിരുന്ന ഗുരുരാജ പൂജാരി സ്നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 151 കിലോയും ഉയർത്തിയാണ് (ആകെ 269കിലോ) ഭാരോദ്വഹനത്തിൽ പുരുഷൻമാരുടെ 61 കിലോഗ്രാമിൽ വെങ്കലമണിഞ്ഞത്.
മലേഷ്യയുടെ അസ്നിൽ ബിൻ ബിഡിൻ മുഹമ്മദ് 285 കിലോ ഉയർത്തി സ്വർണം നേടി. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരുവിനാണ് (273 കിലോഗ്രാം) വെള്ളി. സ്നാച്ച് അവസാനിക്കുമ്പോൾ നാലാമതായിരുന്നു ഗുരുരാജ്. എന്നാൽ ക്ലീൻ ആൻഡ് ജർക്കിൽ തകർപ്പൻ പ്രകടനം നടത്തി താരം വെങ്കലം നേടുകയായിരുന്നു.
ഇന്ത്യ-പാക് പോരാട്ടം ഇന്ന്
വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻസമയം ഇന്ന് വൈകിട്ട് 3.30 മുതലാണ് മത്സരം. ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ഇരുടീമും തോറ്റതിനാൽ ഇന്നത്തെ കളി നിർണായകമാണ്. ഇന്ത്യൻ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോറ്രപ്പോൾ പാകിസ്ഥാൻ ബാർബഡോസിനോട് 15 റൺസിനാണ് കീഴടങ്ങിയത്.
ലൊവ്ലിന
ക്വാർട്ടറിൽ
വനിതകളുടെ ബോക്സിംഗ് 70 കിലോഗ്രാം ലൈറ്റ് മിഡിൽവെയ്റ്റിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് ലൊവ്ലിന ബോർഗോഹെയ്ൻ ക്വാർട്ടറിൽ കടന്നു. ന്യൂസിലൻഡ് താരം അരിയാനെ നിക്കോൾസണെ 5-0ത്തിന് തരിപ്പണമാക്കിയാണ് ലൊവ്ലിന ക്വാർട്ടർ ഉറപ്പിച്ചത്. ആഗസ്റ്റ് 3ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ വെള്ളിമെഡൽ ജേതാവ് റോസി എക്ലെസാണ് ലൊവ്ലിനയുടെ എതിരാളി.
ഹുസ്സാമുദ്ദീന് ജയം
പുരുഷൻമാരുടെ ഫെതർവെയ്റ്റ് 57 കിലോഗ്രാം വിഭാഗത്തിൽ ഹുസ്സാമുദ്ദീൻ മൊഹമ്മദ് പ്രീക്വാർട്ടറിൽ എത്തി. ആദ്യ റൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ അംസോലെലെ ഡിയേയിയെ 5-0ത്തിന് അനായാസം തകർത്താണ് കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാവുകൂടിയായ ഹുസ്സാമുദ്ദീൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്. പ്രീക്വാർട്ടറിൽ ബംഗ്ലാദേശിന്റെ സലിം ഹൊസൈൻ ആണ് ഹുസ്സാമുദ്ദീന്റെ എതിരാളി.
കൊവിഡ് : നവജ്യോത്
നാട്ടിലേക്ക് മടങ്ങും
കൊവിഡ് പോസിറ്റീവായ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗം നവജ്യോത് കൗർ കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. രണ്ട് ദിവസം മുൻപ് പോസിറ്റീവായ നവജ്യോത് നിലവിൽ ഐസൊലേഷനിൽ ആയിരുന്നു. താരത്തിന് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. കുരുക്ഷേത്ര സ്വദേശിയായ 27കാരിയായ നവജ്യോതിന് പകരം സോണികയെ ഇന്ത്യയുടെ 18അംഗ ടീമിൽ ഉൾപ്പെടുത്തി.