
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം ദേശീയ ടൂറിസം മാപ്പിൽ ഉൾക്കൊള്ളിക്കുമെന്നും പൂരത്തിന് ആവശ്യമായ സാമ്പത്തിക സഹായം പരിഗണിക്കുമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു. എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രിക്ക് സ്വീകരണം നൽകി. ക്ഷേത്ര സമിതി പ്രസിഡന്റ് പി.ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉത്രാളിക്കാവ് പൂരം ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ പൂരത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള നിവേദനം മന്ത്രിക്ക് കൈമാറി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, ബാബു പൂക്കുന്നത്ത്, പ്രസന്നൻ കടമ്പാട്ട്, കടമ്പാട്ട് സേതുമാധവൻ എന്നിവർ പങ്കെടുത്തു.