
അമൃത്‌സർ : പിറ്റ്‌ബുൾ ഇനത്തിലെ വളർത്തുനായയുടെ ആക്രമണത്തിൽ 13കാരന് ഗുരുതര പരിക്ക്. പഞ്ചാബിലെ ഗുരുദാസ്‌പ്പൂർ ജില്ലയിലെ കോട്‌ലി ഭാൻ സിംഗ് ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ ചെവി ഏറെക്കുറെ തകർന്ന നിലയിലാണ്. കുട്ടിയുടെ പിതാവിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് ജീവൻ രക്ഷിക്കാനായത്.
കുട്ടിയും പിതാവും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. റോഡിൽ ഉടമയ്ക്കൊപ്പം നിൽക്കുകയായിരുന്ന പിറ്റ്‌ബുൾ കുട്ടിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതിനിടെ പിറ്റ്‌ബുളിന്റെ തുടൽ ഉടമയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വിട്ടുപോയതോടെ കുട്ടിയ്ക്ക് നേരെ പിറ്റ്‌ബുൾ പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് പിറ്റ്‌ബുളിനെ തടുക്കാൻ ശ്രമിച്ചു.
ഇതിനിടെ ഉടമയെത്തി ഏറെ പണിപ്പെട്ട് പിറ്റ്‌ബുളിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അടുത്തിടെ ലക്‌നൗവിൽ 82കാരിയായ റിട്ടയേഡ് അദ്ധ്യാപികയെ മകൻ വളർത്തുന്ന പിറ്റ്‌ബുൾ കടിച്ചുകൊന്നിരുന്നു.