
ഇലക്ട്രിക് വാഹന വിപണി പടി പടിയായി രാജ്യത്ത് വളരുകയാണ്. ഇപ്പോൾ ടാറ്റയുൾപ്പെടെ കുറച്ച് വാഹന നിർമ്മാതാക്കൾ മാത്രമാണ് ഇലക്ട്രിക് കാറുകൾ രാജ്യത്ത് നിർമ്മിക്കുന്നത്. എന്നാൽ വരും വർഷങ്ങളിൽ കൂടുതൽ മോഡലുകൾ ഇറങ്ങും എന്ന് ഉറപ്പാണ്. ഇതിന് മുന്നോടിയായി ഇലക്ട്രിക് കാറുകൾക്ക് പ്രത്യേക ടയറുകൾ ഇറക്കിയിരിക്കുയാണ് പ്രമുഖ ടയർ കമ്പനിയായ സിയാറ്റ്. എനർജി ഡ്രൈവ് എന്ന് വിളിക്കുന്ന പുതിയ ടയറുകൾ നാല്ചക്ര ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രമുള്ളതാണ്. ഇത്തരത്തിൽ ടയർ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ ടയർ നിർമ്മാതാവാണ് സിയാറ്റ്.
ഇലക്ട്രിക് കാറുകളുടെ ടയർ പെട്രോൾ, ഡീസൽ കാറുകളിൽ ഉപയോഗിക്കുന്ന ടയറുകളുമായി എന്ത് വ്യത്യാസം, അല്ലെങ്കിൽ എന്തിന് പ്രത്യേകം ടയർ എന്ന് ചിന്തിക്കുന്നവരുണ്ടാവും. എന്നാൽ ഇതിന് കൃത്യമായ ഉത്തരം കമ്പനി നൽകുന്നുണ്ട്.
ഇലക്ട്രിക് കാറുകൾ നിശബ്ദമായി സഞ്ചരിക്കുന്നവയാണ്. മിക്കപ്പോഴും നാം കേൾക്കുന്ന ചെറു ശബ്ദം കാറിന്റെ എഞ്ചിനിൽ നിന്നും വരുന്നതല്ല, പകരം ടയറുകൾ പുറപ്പെടുവിക്കുന്നതാണ്. സിയാറ്റിന്റെ പുതിയ ടയറിൽ ഈ ശബ്ദം വീണ്ടും കുറയും. ശബ്ദം കുറയ്ക്കുന്നതിന് വൈബ്രേഷൻ ഫിൽട്ടർ സ്ഥാപിക്കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാവുന്നത്. വൈബ്രേഷൻ ഫിൽട്ടർ ശബ്ദത്തെ ആഗിരണം ചെയ്യുന്നു.
ഉയർന്ന ടോർക്ക് ഉള്ള വാഹനങ്ങളാണ് ഇവികൾ. പെട്രോൾ, ഡീസൽ എന്നിവയിൽ ഓടുന്ന കാറുകളുടെ ടോർക്ക് വർദ്ധിക്കുവാൻ സമയമെടുക്കാറുണ്ട്. ഇന്ധനം ജ്വലിക്കുന്നതിനുള്ള സമയമാണ് ഇതിന് കാരണം. എന്നാൽ ഇലക്ട്രിക് വാഹനങ്ങളിൽ ടോർക്ക് തൽക്ഷണം പുറത്തുവിടും. ഇത് നേരിടാനുള്ള സാങ്കേതിക വിദ്യ പുതിയ ടയറിൽ സിയാറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ടയർ ലൈനിലെ ബ്ലോക്ക് കാഠിന്യവും കുറഞ്ഞ ത്രെഡ് ഫ്‌ളെക്സിംഗും ഡ്യൂറബ്ലോക്ക്സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു. ടയറുകൾ കൂടുതൽ കാലം നിലനിൽക്കാൻ ഇത് സഹായിക്കുന്നു.