suicide

കണ്ണൂർ: ആത്മഹത്യ ചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ കണ്ണൂർ ധർമ്മടത്താണ് സംഭവം നടന്നത്. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ് (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ദർശന്റെ മൃതദേഹം കണ്ട പിതാവ് സദാനന്ദൻ(65) കുഴഞ്ഞ് വീഴുകയായിരുന്നു.

സദാനന്ദന്റെ ഭാര്യ ദീപ തലശേരി സാൻജോസ് സ്കൂളിൽ അദ്ധ്യാപികയാണ്. ദീപ പതിവ് പോലെ രാവിലെ ജോലിക്ക് പോയിരുന്നു. ആ സമയത്ത് ദര്‍ശന്‍ ഉണര്‍ന്നിരുന്നില്ല. രണ്ടാം നിലയിലെ മുറിയിലായിരുന്നു ദര്‍ശന്‍ കിടന്നിരുന്നത്. പതിവ് സമയം കഴിഞ്ഞിട്ടും കാണാതായതോടെ അച്ഛന്‍ സദാനന്ദന്‍ മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. ഏറെ നേരം വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മുകളിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടു. സംശയം തോന്നി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മകന്റെ മൃതദേഹം കണ്ടയുടൻ കുഴഞ്ഞുവീണ സദാനന്ദനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ദർശൻ കൊവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ നടക്കും.