karuvannoor-bank

സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ തന്നെ വൻ തട്ടിപ്പ് നടന്ന കരുവന്നൂരിൽ, പണമില്ലാത്തതിനാൽ വിദഗ്ധ ചികിത്സ കിട്ടാതെ നിക്ഷേപക മരിച്ചത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടിൽ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽ നിന്നും പ്രഖ്യാപിച്ച ആശ്വാസ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായപ്പോൾ ആശങ്കയിൽ കഴിയുന്നത് പതിനായിരത്തിലേറെ നിക്ഷേപകരാണ്. ദിവസം പരമാവധി 25 പേർക്ക് 10,000 രൂപ വീതം തിരികെ നൽകാമെന്നായിരുന്നു ബാങ്കിന്റെ ആദ്യവാഗ്ദാനം. എന്നാൽ നിക്ഷേപകർക്ക് ഒരാഴ്ചയിൽ ഒരു തവണ 10,000 രൂപ മാത്രമേ പിൻവലിക്കാനാകൂവെന്ന നിബന്ധനയും ഉണ്ടായിരുന്നു. പക്ഷേ, അതുപോലും നടപ്പായില്ല.

പ്രവാസജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയതും ജോലിയിൽ നിന്ന് വിരമിക്കുമ്പാേൾ കിട്ടിയതുമെല്ലാം മക്കളുടെ കല്യാണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി നിക്ഷേപിച്ചവരാണ് ഇതോടെ കുടുങ്ങിയത്.

ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കഴിഞ്ഞവർഷം ജൂലായ് 14 മുതൽ ബാങ്കിന് മുന്നിൽ 10,000 രൂപയ്ക്കായി നിക്ഷേപകരുടെ നിരയായിരുന്നു. നിക്ഷേപം തിരികെ കിട്ടാനുളള ടോക്കൺ വാങ്ങാൻ പുലർച്ചെ മുതൽ നിക്ഷേപകർ ക്യൂ നിന്നു. ആ ബഹളമാണ് ഇപ്പോൾ ആത്മഹത്യയിലേക്കും പണമില്ലാത്തതു കാരണം ചികിത്സ കിട്ടാതെയുളള മരണത്തിലേക്കും വഴിതെളിച്ചത്.

പന്ത്രണ്ട് വർഷം മുൻപ് തുടങ്ങിയ തട്ടിപ്പ്

2010 മുതലാണ് തട്ടിപ്പുകളുടെ തുടക്കം. സി.പി.എം ഭരിക്കുന്ന ബാങ്കിന്റെ നിർണായകസ്ഥാനങ്ങളിലുള്ള ജീവനക്കാർ പാർട്ടിയുടെ ഭാരവാഹികളായതോടെ ക്രമക്കേട് മുക്കി. കേസിൽ മുഖ്യപ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ കെ.എം. ബിജു കരീം എന്നിവർ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമായിരുന്നു.

ബാങ്ക് കമ്മിഷൻ ഏജന്റായി നിയമിച്ച കിരൺ പാർട്ടിയുടെ സഹായത്തോടെയാണ് എത്തിയതെന്നും ആരോപണമുണ്ടായിരുന്നു. മുഖ്യപ്രതിയായ കിരണിന്റെ മാത്രം അക്കൗണ്ടിലേക്ക് ബാങ്കിൽ നിന്ന് 46 ആളുടെ പേരിലെടുത്ത 22.85 കോടി എത്തിയെന്നത് തട്ടിപ്പിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയാണ് കിരണിനെ പിടികൂടിയത്.

നോട്ട് നിരോധത്തിൽ കുടുങ്ങി

നോട്ട് നിരോധനമായിരുന്നു തട്ടിപ്പ് പൊളിച്ചത്. അതുവരെ റിയൽ എസ്റ്റേറ്റിലേക്ക് ഇറക്കിയ കോടികൾ തിരിച്ചു പിടിക്കാൻ കഴിയാതെ പോയതോടെ എല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. തട്ടിപ്പിനെതിരെ പ്രതിഷേധിച്ചതിന് ബാങ്ക് എക്‌സ്റ്റൻഷൻ കൗണ്ടറിലെ ഇൻ ചാർജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പാർട്ടിയിൽ നിന്നും പുറത്താക്കി. ഈ പ്രതികാരനടപടി ഒരു താക്കീതാണെന്ന സന്ദേശവും നൽകി. തട്ടിപ്പ് സംബന്ധിച്ചുളള പരാതിയിൽ പാർട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും മുക്കി. നടപടി വേണമെന്ന അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടിലും നടപടി ഉണ്ടായില്ല. അങ്ങനെ തട്ടിപ്പിന് തണലായി. മുഖ്യആസൂത്രകർ പാർട്ടിയുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം പലവഴികളിലൂടെ തട്ടിപ്പ് തുടർന്നു.

ക​രു​വ​ന്നൂ​ർ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കു​മെ​ന്നുളള ഉറപ്പുകളാണ് ഒരു വർഷമായി സർക്കാരും ജനപ്രതിനിധികളും നൽകിക്കൊണ്ടിരിക്കുന്നത്. ​ഓ​ണ​ത്തി​ന് ​മു​മ്പ് ​പ​രി​ഹാ​രം​ ​കാ​ണു​മെ​ന്നാണ് ​കേ​ര​ള​ ​ബാ​ങ്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ക​ണ്ണ​ൻ പറയുന്നത്.​ ​ഇ​തി​നാ​യി​ ​മ​റ്റ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ൽ​ ​നി​ന്ന് ​പ​ണം​ ​സ​മാ​ഹ​രി​ക്കാ​ൻ​ ​ശ്ര​മം​ ​തു​ട​ങ്ങി.​ 50​ ​കോ​ടി​ ​കി​ട്ടി​യാ​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​താ​ത്കാ​ലി​ക​ ​പ​രി​ഹാ​ര​മാ​കും.​ ​ക​ൺ​സോ​ർ​ഷ്യം​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​ത​ട​സം​ ​നി​ന്നു​വെ​ന്നും​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ന് ​കേ​ര​ള​ ​ബാ​ങ്ക് ​ഉ​ട​ൻ​ 25​ ​കോ​ടി​ ​അ​നു​വ​ദി​ക്കു​മെ​ന്ന് ​സ​ഹ​ക​ര​ണ​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​അ​റി​യി​ച്ച​താ​യും​ ​അ​ദ്ദേ​ഹം​ വ്യക്തമാക്കുന്നു.

നാലുപേർ മാത്രം ജയിലിൽ

പന്ത്രണ്ട് വർഷത്തിനിടെ മൂന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പുകളും ക്രമക്കേടുകളും നടന്ന കരുവന്നൂർ സഹകരണ ബാങ്കിലെ ജീവനക്കാരും ഇടനിലക്കാരും ബാങ്ക് ഭരണസിമിതി അംഗങ്ങളും അടക്കം 17 പേർ പിടിയിലായെങ്കിലും അഴിയെണ്ണുന്നത് നാലുപേർ മാത്രം. ബാക്കിയുള്ളവർക്കെല്ലാം ജാമ്യം കിട്ടി. 21 വർഷം ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ കെ.എം. ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, ഇടനിലക്കാരൻ കിരൺ, ബാങ്ക് സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റജി അനിൽ എന്നിവർ അറസ്റ്റിലായിരുന്നു. ഇവരിൽ സുനിൽകുമാർ, ബിജു കരീം, ബിജോയ്, കിരൺ എന്നിവർ മാത്രമാണ് ജാമ്യം കിട്ടാതെ ജയിലിലുള്ളത്. ബാങ്ക് ഭരണസിമിതി അംഗങ്ങളായ 11 പേരെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇവരും ജാമ്യത്തിലിറങ്ങി.

ഏറെ സങ്കീർണതകളുളള കേസായതിനാൽ കുറ്റപത്രവും ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്ന സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ഒമ്പത് മാസത്തിന് ശേഷം തിരിച്ചെടുത്തു. തട്ടിപ്പ് പുറംലോകം അറിഞ്ഞതോടെ, ബാങ്ക് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. പിന്നീട് അഡ്മിനിസ്ട്രേറ്ററെ മാറ്റി അഡ്മിനിസ്‌ട്രേറ്റീവ് സമിതിയെ നിയോഗിച്ചു.

ആത്മഹത്യകളും പണമില്ലാത്തതിനാൽ ചികിത്സ വൈകിയുളള മരണവും വിവാദമായതോടെയാണ് വീണ്ടും സഹായനടപടികളുമായി സർക്കാർ രംഗത്തുവരുന്നത്. 2021 ജൂലായ് 14 നാണ് കരുവന്നൂരിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും അഴിമതി മറനീക്കി.

കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്യാനും കാലതാമസമുണ്ടായി. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോഴാണ് നാടകീയമായി ക്രൈംബ്രാഞ്ച് പ്രതികളെ കുടുക്കിയത്. ബാങ്ക് തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാൻ സർക്കാർ ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 29ന് അന്വേഷണം തുടങ്ങിയ സമിതി പ്രാഥമിക റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു.

വിശ്വാസ്യതയുടെ ചരിത്രം

100 വർഷത്തലേറെ പ്രവർത്തന പാരമ്പര്യമുളള ബാങ്ക് ആരംഭിച്ചത് 1921ലാണ്. കരുവന്നൂരിലെയും സമീപങ്ങളിലെയും കോൾപടവ് കർഷകരായിരുന്നു തുടങ്ങിയത്. മികച്ച പ്രവർത്തന പാരമ്പര്യം കൊണ്ടു തന്നെ നിക്ഷേപം ഒഴുകി. വിശ്വാസം ബാങ്കിനെ വളർത്തി.
അഞ്ച് ശാഖകളും ഒരു എക്‌സ്റ്റൻഷൻ സെന്ററും മൂന്ന് സൂപ്പർമാർക്കറ്റുകളും മൂന്ന് നീതി സ്റ്റോറുകളുമുണ്ടായി. പേപ്പർ ബാഗ് യൂണിറ്റും ജനസേവനകേന്ദ്രവും റബ്‌കോ വളം ഏജൻസിയും 150ഓളം ജീവനക്കാരുമായി വളർന്നു. 40 വർഷമായി സി.പി.എം ഭരണസമിതിയുടെ കീഴിലാണ്. 2015-16 സാമ്പത്തിക വർഷം ഉണ്ടായിരുന്നത് 501 കോടിയുടെ നിക്ഷേപമാണ്. ക്രമക്കേടിന്റെ സൂചന വന്നപ്പോൾ 2016-17ൽ നിക്ഷേപം 424 കോടിയായി. 2017-18ൽ ഇത് 405 കോടിയും പിന്നീട് 340 കോടിയായും കുറഞ്ഞു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സാമ്പത്തിക വർഷം നിക്ഷേപം 301 കോടിയായി ഇടിയുകയായിരുന്നു.