gun-

ലക്നൗ : കള്ളനും പൊലീസും കളിക്കുന്നതിനിടെ ബി ജെ പി നേതാവിന്റെ മകൻ അയൽവാസിയെ അബദ്ധത്തിൽ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ കൗശാമ്പിയിലാണ് ദാരുണ സംഭവമുണ്ടായത്. ബിജെപി നേതാവിന്റെ പത്തുവയസുകാരനായ മകൻ അയൽവാസിയായ കുട്ടിയുമൊത്താണ് കള്ളനും പൊലീസും കളിച്ചത്. ഇതിനിടെ കുട്ടി പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് പൊലീസായി കളിക്കുകയായിരുന്നു. അബദ്ധവശാൽ തോക്കിന്റെ കാഞ്ചി വലിക്കുകയും, വെടിപൊട്ടുകയും ചെയ്തു. പതിനൊന്ന് വയസുള്ള അയൽക്കാരന് വെടിയേൽക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ചെയ്തു. വൈകുന്നേരം 6.30 ഓടെയാണ് ബാലന് വെടിയേറ്റത്.

കാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൗശാമ്പി അഡീഷണൽ സൂപ്രണ്ട് പൊലീസ് സമർ ബഹാദൂർ സിംഗ് പറഞ്ഞു.