
ന്യൂഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ എല്ലാ വീടുകളിലും മൂവർണക്കൊടി ഉയർത്താൻ ഇന്ത്യൻ പ്രധാനമന്ത്രി അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ ഇരുപത് കോടി വീടുകളിൽ ഇത് സാദ്ധ്യമാകണമെങ്കിൽ വലിയ അളവിൽ കൊടികൾ നിർമ്മിക്കേണ്ടി വരും. ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഡൽഹിയിലെ 'ഫ്ളാഗ് അങ്കിൾ' എന്ന വിശേഷണമുള്ള അബ്ദുൾ ഗഫാർ.
ഡൽഹിയിലെ സദർ ബസാറിലാണ് അബ്ദുൾ ഗഫാറിന്റെ ഷോപ്പുള്ളത്. ഇടുങ്ങിയ നാല് മുറികളിൽ നിറയെ ദേശീയ പതാകകളാണ്. കഴിഞ്ഞ 60 വർഷങ്ങളായി അബ്ദുൾ ഗഫാർ ദേശീയപതാക നിർമ്മാണവുമായി ഇവിടെയുണ്ട്. സാധാരണ സ്വാതന്ത്ര്യ ദിനങ്ങൾക്ക് മുൻപുള്ള ദിവസങ്ങളിൽ 4,000 മുതൽ 5,000 വരെ പതാകകളാണ് നിർമ്മിക്കുന്നതെങ്കിൽ ഇക്കുറിയത് ഒരു ലക്ഷത്തിലധികമായി ഉയർന്നു. നാല് ഷിഫ്റ്റുകളിലായിട്ടാണ് ഇപ്പോൾ പതാകകൾ നിർമ്മിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നുമായി ദിവസവും 500 കോളുകളാണ് ഗഫാറിനെ തേടിയെത്തുന്നത്. 600 ഓളം തൊഴിലാളികൾ നിർമ്മിക്കുന്ന പതാകകൾ ഇവിടെ വിൽക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് രാജ്യത്തെ 20 കോടി വീടുകളിൽ ദേശീയ പതാക ഉയർത്തുന്നത്. 'ഹർ ഘർ തിരംഗ' എന്ന പദ്ധതിയാണ് ഇതിനായി കേന്ദ്രം ആവിഷ്‌കരിച്ചിരിക്കുന്നത്.