flat

മുംബയ് : അംബരചുംബിയായ ഫ്ളാറ്റിന്റെ ഇരുപതാം നിലയിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരൻ തള്ളിയിട്ട വീട്ടുജോലിക്കാരി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്. 26കാരിയായ വീട്ടുജോലിക്കാരി പതിനെട്ടാം നിലയിലെ ജനലിന്റെ സൈഡ് സ്ലാബിലേക്കാണ് വീണത്. ഇതിനാലാണ് വലിയ പരിക്കു പോലും ഏൽക്കാതെ യുവതി രക്ഷപ്പെട്ടത്. മലാഡ് വെസ്റ്റിലെ ബ്ലൂ ഹൊറൈസൺ ടവറിലാണ് സംഭവം.

ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയാണ് യുവതിയോട് ഇരുപതാമത്തെ നിലയിൽ എത്താൻ സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടത്. ഇവിടെയുള്ള ഒരു വീട്ടുടമ താമസം മാറ്റുകയാണെന്നും, സാധനങ്ങൾ മാറ്റാൻ സഹായിക്കാനുമാണ് ആവശ്യപ്പെട്ടത്. വലിയ പ്രതിഫലം ലഭിക്കുമെന്നും യുവതിയെ മോഹിപ്പിച്ചു. ഇതോടെ യുവതി സെക്യൂരിറ്റിക്കൊപ്പം ഇരുപതാം നിലയിലേക്ക് പോയി. എന്നാൽ ഇരുപതാം നിലയിലെ ഫ്ളാറ്റിൽ താമസിച്ചയാൾ അരമണിക്കൂർ കഴിഞ്ഞ് വരാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ തള്ളിയിട്ടിത്. അർജുൻ സിംഗ് എന്ന മുപ്പത്തിയഞ്ചുകാരനാണ് യുവതിയെ തള്ളിയിട്ടത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. യുവതിയുടെ തലയിലും കഴുത്തിലും കൈകളിലും ചെറിയ പരിക്കേറ്റിട്ടുണ്ട്. യുവതി ഇപ്പോൾ ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലാണ്.