ashkar-seena-sharon

തിരുവനന്തപുരം: വാടകവീട്ടിൽ നിന്നും 100ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. തിരുവനന്തപുരം ആക്കുളത്താണ് സംഭവം. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്ന് ആക്കുളത്തേക്ക് കഴിഞ്ഞദിവസം ലഹരിമരുന്ന് എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആക്കുളത്തെ മറ്റൊരു വീട്ടില്‍ നിന്ന് ഷാരോണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസിലെ ഒന്നാംപ്രതിയായ അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരിമരുന്ന് വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് പൊലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഷ്‌കര്‍ വലിയ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിരുന്നു.